കൊച്ചി: കൊക്ക-കോള കമ്പനിയില്‍ നിന്നും രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ പേരില്‍ സോണിയാഗാന്ധി വന്‍തുക കൈപ്പറ്റിയതായി വിവരം. കൊക്ക-കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്ലാച്ചിമടയില്‍ ഗുരുതരരോഗം ബാധിച്ചവര്‍ക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള പ്ലാച്ചിമട സ്പെഷല്‍ ട്രിബ്യൂണല്‍ ബില്‍ നിയമമാകാത്തതിനു കാരണം സോണിയയുടെ ഇടപെടലാണെന്നും സൂചന.
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരില്‍ സോണിയ ഒന്‍പതു കോടി രൂപ കൈപ്പറ്റിയതായാണ് വിവരം. എന്നാല്‍ 50 ലക്ഷം മാത്രമാണ് കോളക്കമ്പനിയില്‍ നിന്ന് കൈപ്പറ്റിയതെന്നാണ് ഫൗണ്ടേഷന് വക്താക്കള്‍ പറയുന്നത്. ബാക്കി എട്ടരക്കോടി സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ല. 50 ലക്ഷം കൈപ്പറ്റിയെന്ന് സമ്മതിച്ച ഫൗണ്ടേഷന് വക്താക്കള്‍ ഇത് സുനാമി പുനരധിവാസ പ്രവര്‍ത്തനു വിനിയോഗിച്ചതായും അവകാശപ്പെടുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരില്‍ ഒന്‍പത് കോടി നല്‍കിയതായും സുനാമി പുനരധിവാസത്തിനെന്ന പേരില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് രണ്ടു കോടി കൈമാറിയതായുമാണ് കോളക്കമ്പനിയുടെ രേഖകള്‍ വ്യക്തമാക്കുന്നത്.
പാലക്കാട്ടെ പ്ലാച്ചിമടയില്‍ കോള വിരുദ്ധ ജനകീയ സമരം കത്തിനിന്ന 2005 ലാണ് സോണിയ പണം കൈപ്പറ്റിയത്. കോളക്കമ്പനിയോട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്കുള്ള വിധേയത്വമാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതെന്നും ആക്ഷേപമുണ്ട്. 2011 ഫെബ്രുവരിയില്‍ കേരള നിയമസഭ ഐകകണ്ഠ്യേന പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണലിന് അനുമതി നല്‍കിയതാണെങ്കിലും ഇത് രാഷ്ട്രപതിയുടെ അനുമതിക്ക് സമര്‍പ്പിക്കാതെ കേന്ദ്ര ആഭ്യന്തരവകുപ്പ് തടഞ്ഞുവക്കുകയായിരുന്നു. ബില്‍ ഇപ്പോഴും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കോള്‍ഡ് സ്റ്റോറേജിലാണ്. 2000 ലാണ് കൊക്കക്കോള പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് പ്രദേശത്ത് കുടിവെള്ള ക്ഷാമവും മാരക രോഗങ്ങളും പടര്‍ന്ന് പിടിക്കുകയായിരുന്നു. കോള നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കാഡ്മിയം, ലെഡ്, ക്രോമിയം എന്നിവയാണ് രോഗകാരണങ്ങളെന്ന് പരിശോധനയില്‍ വ്യക്തമായി. എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാരസമിതിയാണ് കോളക്കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി പരിസരവാസികള്‍ക്ക് നല്കാന് ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. 420 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം ദരിദ്ര കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കിയ ട്രിബ്യൂണല്‍ 2011 മാര്‍ച്ചിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരിഗണനക്കായി സമര്‍പ്പിച്ചത്. ഇത് രാഷ്ട്രപതിക്ക് അയച്ചു നല്കുന്നതിനു പകരം ഇത്തരമൊരു ട്രിബ്യൂണലിന്റെ നിയമപരമായ സാധുതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തയക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തത്. ഇതിനു സംസ്ഥാനം മറുപടി നല്‍കിയെങ്കിലും ബില്‍ കേന്ദ്രം രാഷ്ട്രപതിയുടെ പരിഗണനക്കയച്ചില്ല. ട്രിബ്യൂണല്‍ ബില്ലിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതി കഴിഞ്ഞ 13 ദിവസമായി അനിശ്ചികകാല നിരാഹാര സമരം നടത്തി വരികയാണ്. സോണിയയുടെ ഇടപെടലാണ് ട്രിബ്യൂണല്‍ ബില്ലിന് തടസ്സമാകുന്നതെന്നാണ് സമരസമിതിയും ആരോപിക്കുന്നത്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: