കുഞ്ഞിരാമന് നോക്കിനില്‍ക്കെ അങ്കം വെട്ടി നാദാപുരം മാപ്പിളമാരെ മുട്ടുകുത്തിച്ച ഉണ്ണിയാര്‍ച്ചയുടേത് പഴങ്കഥ. എന്നാല്‍ നിരവധി ‘കുഞ്ഞിരാമന്’മാര്‍ നോക്കിനില്ക്കുമ്പോള് അതിസാഹിസകമായി ഒരു കള്ളനെ കീഴടക്കിയ പുതിയ ഉണ്ണിയാര്‍ച്ചയുടേതാണ് ഈ കഥ. തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ 22 ന് രാത്രി 12 മണിയോടെ പാലക്കാട്ടുനിന്നും സംസ്ഥാന യുവജനോത്സവ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സീനിയര്‍ സിപിഒ ആയ ബിന്ദു. തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സംഭവം കണ്ണില്‍ പെടുന്നത്. സ്റ്റാന്റിന്റെ കിഴക്കെ അകത്തായി രണ്ടുപേര്‍ തമ്മില്‍ പിടിവലി നടക്കുന്നു. അടുത്തക്ഷണം അതിലൊരാള്‍ ബാഗുമായി ഓടുന്നു. മേറ്റ്യാള്‍ ‘കള്ളന് കള്ളന്’ എന്നുറക്കെ വിളിച്ചു പറയുന്നുമുണ്ട്. സ്റ്റാന്റില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കുമ്പോഴാണ് സംഭവം. യൂണിഫോമിലായിരുന്ന ബിന്ദുവിന് പൊടുന്നനെയാണ് ഒരുണര്‍വുണ്ടായത്. ബാഗുമായി ഓടിയകലുന്ന ചെറുപ്പക്കാരനുനേരെ ഒറ്റ കുതിപ്പായിരുന്നു പിന്നെ. സ്റ്റാന്റിന്റെ പടിഞ്ഞാറെ ഭാഗത്തുനിന്നും ബാഗുമായി ഓടിയ വ്യക്തിയെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. സംഭവം കണ്ട് ഓടിയെത്തിയ ഒരു യാത്രക്കാരനില്‍നിന്നും തോര്‍ത്തുമുണ്ട് വാങ്ങി കള്ളന്റെ കൈ രണ്ടും കൂട്ടിക്കെട്ടി ഈസ്റ്റ് പോലീസിലേല്‍പ്പിച്ചു. ഇപ്പറഞ്ഞതെല്ലാം പതിനഞ്ചു മിനിറ്റില്‍ കഴിഞ്ഞു. കള്ളനെ കീഴടക്കുന്നതിനിടയില്‍ ഒന്നു രണ്ടുപ്രാവശ്യം സ്റ്റാന്റിലെ കോണ്‍ക്രീറ്റ് തറയില്‍ തെറിച്ചുവീണതൊന്നും അപ്പോള്‍ ബിന്ദു കാര്യമാക്കിയിരുന്നില്ല.
പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിനുശേഷമാണ് കൈക്കും കാല്‍മുട്ടിനും വേദനയെടുക്കുന്നതായി അനുഭവപ്പെട്ടു തുടങ്ങിയത്. അപ്പോഴേക്കും അഭിനന്ദന പ്രവാഹവുമായി യാത്രക്കാരെല്ലാം അടുത്തുകൂടിയിരുന്നു. കാലിന് വേദന കൂടുവാന്‍ തുടങ്ങിയതോടെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും വിവരങ്ങളറിഞ്ഞ് ഭര്‍ത്തവ് പ്രവീണും സ്ഥലത്തേക്കെത്തി. പോലീസ് മേധാവികളില്‍നിന്നും വനിതാ സംഘടനകളില്‍നിന്നുമെല്ലാം അനുമോദനങ്ങളുടെ പ്രവാഹമായിരുന്നു പിന്നീട്. കാലിന് പറ്റിയ പരിക്ക് പൂര്‍ണമായും ഭേദമാവാത്തതിനാല്‍ ജോലിയില്‍നിന്നും ലീവെടുത്തിരിക്കുകയാണ് ഇപ്പോള്‍ ബിന്ദു.
തൃശ്ശൂര്‍ ജില്ലയിലെ പുലക്കാട്ടുകരയില് കോലോത്തു പറമ്പില്‍ പുഷ്പാകരന്‍-സുഭദ്ര ദമ്പതികളുടെ രണ്ടു പെണ്മക്കളില് മൂത്തതാണ് ബിന്ദു. കാര്‍ഷിക ഗ്രാമമായ പുലക്കാട്ടുകരയില് ജനിച്ച ബിന്ദുവിന് കൃഷിയോടായിരുനനു ചെറുപ്പം മുതലേ താല്‍പ്പര്യം. അതുകൊണ്ടാണ് അഗ്രികള്‍ച്ചര്‍ പഠിച്ചതും കൃഷി ഓഫീസില്‍ ഒരു ജോലി നേടണമെന്ന് ആഗ്രഹിച്ചതും. എന്നാല്‍ ഒരു പോലീസ് ഓഫീസറായി ജനസേവനം ചെയ്യണമെന്നായിരുന്നു ബിന്ദുവിന്റെ നിയോഗം. പോലീസ് കോണ്‍സ്റ്റബിളിന്റെ ഒഴിവിലേക്കുള്ള പരീക്ഷ എഴുതുമ്പോഴും ജോലി ലഭിക്കണമെന്നുള്ള ആഗ്രഹം തീരെയില്ലായിരുന്നു. പരീക്ഷ പാസ്സായപ്പോള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോലീസ് ട്രെയിനിംഗിന് ചേര്‍ന്നതും. ട്രെയിനിങ് പൂര്‍ത്തിയാക്കും മുന്‍പേ അവസാനിപ്പിച്ചു പോരേണ്ടിവന്നേക്കും എന്നായിരുന്നു കണക്കുകൂട്ടലും. എന്നാല്‍ പോലീസ് ജോലി തമാശയോടെ കാണേണ്ട ഒരു മേഖലയല്ലെന്നും നിയമപാലകരാവുക എന്നത് ഒരു നിയോഗമാണെന്നും ട്രെയിനിംഗ് സമയത്തിനുള്ളില്‍ തന്നെ ബിന്ദുവിന് മനസ്സിലാക്കുവാനായി. പോലീസ് ജോലിയില്‍ പ്രവേശിക്കുവാന്‍ ഭര്‍ത്താവ് പ്രവീണിന്റെ പ്രോത്സാഹനവും കൂടിയായപ്പോള്‍ ബിന്ദു മറ്റൊന്നും ആലോചിച്ചില്ല. ഇപ്പോള്‍ പത്ത് വര്‍ഷമായി കാക്കിക്കുള്ളില്‍ കയറിയിട്ട്. പുതുക്കാട്-ഒല്ലൂര്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന സമയങ്ങളില്‍ പല സുപ്രധാന കേസുകളുടെയും അന്വേഷണത്തില്‍ ഒരു സഹായിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവങ്ങളാണ് നല്‍കിയതെന്ന് ബിന്ദു പറഞ്ഞു.
തൃശ്ശൂര്‍ സ്റ്റാന്റിലുണ്ടായ സംഭവം ഇത്ര വലിയ വാര്‍ത്തയായി മാറുമെന്നൊ അഭിനന്ദനപ്രവാഹങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുമെന്നോ ഒന്നും ഓര്‍ത്തിരുന്നില്ലെന്ന് ബിന്ദു തുറന്നു സമ്മതിക്കുന്നു. താന്‍ ജോലിയുടെ ഭാഗമായി ഒരു കര്‍ത്തവ്യം ചെയ്തു അത്രമാത്രമായിരുന്നു മനസ്സില്‍. എന്നാല്‍ വാര്‍ത്ത വന്നതോടെ ഇത് മറ്റുള്ളവര്‍ക്കും ഒരു മാതൃകയാവും എന്ന തിരിച്ചറിവാണ് ബിന്ദുവിനുണ്ടായത്. വനിതാ പോലീസായ ഒരാള്‍ ഇത്തരം ഒരു പ്രവൃത്തി ചെയ്തത് മറ്റുള്ള വനിതകള്‍ക്കും ഒരു പ്രചോദനമാവട്ടെ എന്നാണ് ബിന്ദുവിന്റെ ആഗ്രഹം. അര്‍ദ്ധരാത്രിയില്‍ കള്ളനെ സാഹസികമായി പിടികൂടിയതറിഞ്ഞ് അത് എടുത്തു ചാട്ടമായെന്ന് ചിലര്‍ ഉപദേശം നല്‍കിയിരുന്നതായും ബിന്ദു പറഞ്ഞു. എന്നാല്‍ താന്‍ ചെയ്യുന്നത് ഒരു പോലീസുകാരിയുടെ ജോലിയാണെന്നും അത് ഇത്തരം സാഹസികത നിറഞ്ഞതാണെന്നും ഉത്തമബോധ്യമുള്ള ബിന്ദു അവരുടെ സ്നേഹശാസനകളെ പുഞ്ചിരിയോടെ തള്ളിക്കളയും. കാലിലെ വേദന മാറിയാല്‍ വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിക്കുവാനുള്ള തിരക്കിലാണ് കൃഷിയെ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്ന ഈ പോലീസുകാരി.
വാല്‍ക്കഷ്ണം: ബിന്ദു സാഹസികമായി പിടികൂടി ഈസ്റ്റ് പോലീസിന് കൈമാറിയ കള്ളന്റേയും ബാഗ് നഷ്ടപ്പെട്ട വ്യക്തിയുടേയും കഥയാണ് രസം. പഴയന്നൂര്‍ സ്വദേശിയായ ഷെമീറിന്റെ റബര്‍ തോട്ടത്തിലെ ജോലിക്കാരനായിരുന്നു തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന ഉണ്ണികൃഷ്ണന്. ഷെമീറിന്റെ റബര്‍ഷീറ്റ് മോഷ്ടിച്ചു വിറ്റ പണവുമായി ഉണ്ണികൃഷ്ണന് നാടുവിടുകയായിരുന്നു. ഉണ്ണികൃഷ്ണന് തൃശ്ശൂര്‍ സ്റ്റാന്റിലെത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഷെമീര്‍ സ്റ്റാന്റില്‍ കാത്തിരിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന് ബസിറങ്ങിവന്ന ഉടനെ ബാഗിനായി ഷെമീറും ഉണ്ണികൃഷ്ണനും തമ്മില്‍ പിടിവലി കൂടുകയും ഉണ്ണികൃഷ്ണന്റെ ബാഗുമായി ഓടുകയുമാണ് ചെയ്തത്. ഷെമീറിന്റെ ‘കള്ളന്-കള്ളന്’ എന്ന വിളി കേട്ടാണ് ഓടുന്ന ഉണ്ണികൃഷ്ണനെ ബിന്ദു സാഹസികമായി പിടികൂടുന്നതും തുടര്‍ന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറിയതും. കേസ് തുടര്‍ന്ന് ചെറുതുരുത്തി സ്റ്റേഷനിലെത്തി ഇരുകൂട്ടരുടേയും സാന്നിദ്ധ്യത്തില്‍ പരാതിയില്ലാതെ അവസാനിപ്പിക്കുകയും ചെയ്തു.
രാജേഷ് കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: