തിരുവനന്തപുരം: വി.എം.സുധീരനെ കെപിസിസി പ്രസിഡന്റാക്കിയതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള അതൃപ്തി പരിഹരിക്കാന്‍ സംഘടനാ തലത്തില്‍ നടത്തിയ ശ്രമങ്ങളോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുകൂലമായി പ്രതികരിക്കാത്തത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. തന്റെ നിര്‍ദ്ദേശവും അഭിപ്രായവും മാനിക്കാതെ കോണ്‍ഗ്രസ് ഹൈക്കമാന്റ് വി.എം.സുധീരനെ പ്രസിഡന്റാക്കിയതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച മുഖ്യമന്ത്രി അത് കോണ്‍ഗ്രസ് ഹൈക്കമാന്റിനെയും അറിയിച്ചു കഴിഞ്ഞു.
വി.എം.സുധീരനെ പ്രസിഡന്റാക്കിയതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്സിന് പുതിയ മുഖം നല്‍കാനാണ് ഹൈക്കമാന്റ് ശ്രമം നടത്തിയത്. ഉമ്മന്‍ചാണ്ടിയും മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റായി ജി.കാര്‍ത്തികേയന്റെ പേരാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളും താല്പര്യങ്ങളും പരിഗണിച്ചായിരുന്നു അവരുടെ നിര്‍ദ്ദേശം. പക്ഷേ, ഹൈക്കമാന്റ് ഗ്രൂപ്പുകള്‍ക്കതീതമായ തീരുമാനമാണ് എടുത്തത്.
പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടിക്ക് പുത്തനുണര്‍വ്വും പ്രവര്‍ത്തകര്‍ക്ക് ആവേശവുമൊക്കെ ഉണ്ടാകേണ്ടതാണ്. എന്നാല്‍ സുധീരനെ പ്രസിഡന്റാക്കിയ ശേഷം കെപിസിസി ആസ്ഥാനവും സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആകെ മ്ലാനതയിലാണ്. മരിച്ച വീട്ടിലെ അവസ്ഥയാണ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെന്നാണ് പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. സുധീരന്റെ സ്ഥാനാരോഹണ ചടങ്ങിലും സ്വീകരണ യോഗത്തിലും സംബന്ധിക്കാതെ മുഖ്യമന്ത്രി തന്റെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചതിനോട് ഹൈക്കമാന്റിനും അതൃപ്തിയുണ്ട്. ഹൈക്കമാന്റ് തീരുമാനം എന്തായിരുന്നാലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും സുധീരനെ ആദ്യം മുതല്‍ എതിര്‍ക്കുന്ന ഉമ്മന്‍ചാണ്ടിക്ക് സുധീരന്റെ നിയമനം തീരെ ദഹിക്കുന്നതായില്ല.
മുകുള്‍ വാസ്നിക്കിനെ ഫോണില്‍ വിളിച്ച് ഉമ്മന്‍ചാണ്ടി തന്റെ പ്രതിഷേധം അറിയിച്ചതായാണ് വിവരം. അതിന്റെ അടിസ്ഥാനത്തില്‍ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപക് ബാബ്രിയ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. എം.എം.ഹസ്സനും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ പിണക്കി മുന്നോട്ട് പോകേണ്ടതില്ലെന്നതാണ് ഹൈക്കമാന്റ് തീരുമാനം. എന്നാല്‍ അനുനയ ചര്‍ച്ചകള്‍ക്കും വഴങ്ങുന്നില്ലെങ്കില്‍ കര്‍ശന നടപടികളിലേക്ക് തിരിയാനും ഹൈക്കമാന്റ് ആലോചിക്കുന്നുണ്ട്. കെപിസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ തല്ക്കാലം സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരും.
രമേശ്ചെന്നിത്തലയ്ക്കും സുധീരനെ പ്രസിഡന്റാക്കിയതില്‍ എതിര്‍പ്പുണ്ടെങ്കിലും അതദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചില്ല. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ചെന്നിത്തല സഹകരിക്കുകയും ചെയ്തു.
ഗ്രൂപ്പനുസരിച്ച് ഭാരവാഹികളെയും സ്ഥാനാര്‍ത്ഥിത്വവും വീതം വയ്ക്കുന്ന കേരളത്തിലെ നിലവിലെ സ്ഥിതിക്ക് അറുതി വരുത്താനുള്ള നീക്കത്തിന്റെ തുടക്കമാണ് ഹൈക്കമാന്റ് നടത്തിയത്. ലോകസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഈ സമീപനമാണ് തുടരുന്നതെങ്കില്‍ നിലവിലുള്ള എംപിമാരില്‍ പലര്‍ക്കും സീറ്റ് ലഭിക്കില്ല. അത് കേരളത്തിലെ കോണ്‍ഗ്രസ്സിനുള്ളില്‍ ഗുരുതര പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. അതേസമയം, ഹൈക്കമാന്റ് നിര്‍ദ്ദേശത്തെ പരസ്യമായി എതിര്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നടപടിയില്‍ പ്രതിഷേധമുള്ളവരും രംഗത്തു വന്നിട്ടുണ്ട്. പാര്‍ട്ടിയെ തകര്‍ക്കുന്ന നിലപാടാണിതെന്നാണ് അവരുടെ പക്ഷം.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: