ന്യൂദല്‍ഹി: “ഞാനെന്റെ ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല, എനിക്കു ലജ്ജതോന്നുന്നു, ഏറെ ഖേദകരമായിപ്പോയി,” ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗമായ എല്‍.കെ.അദ്വാനി ലോക്സഭയിലെ നിര്‍ഭാഗ്യകരമായ തെലങ്കാനാബില് അനുബന്ധ സംഭവങ്ങളോടു പ്രതികരിച്ചു.
“ഇത് വെറും അംഗങ്ങളുടെ സസ്പന്‍ഷന്റെ കാര്യം മാത്രമല്ല. ഇങ്ങനെയാണോ പാര്‍ലമെന്റ് പ്രവര്‍ത്തിക്കേണ്ടത്? ഈ കുഴപ്പം പിടിച്ച സാഹചര്യത്തില്‍ വോട്ട്ഓണ്‍ അക്കൗണ്ടല്ലാതെ മറ്റൊന്നും സഭയില്‍ കൊണ്ടുവരാന്‍ തയ്യാറാകരുത്,” മുന്‍ ഉപപ്രധാനമന്ത്രികൂടിയായ അദ്വാനി പറഞ്ഞു.
“പാര്‍ലമെന്ററി ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമാണിതെ”ന്ന് പറഞ്ഞ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ് ” സംഭവത്തില്‍ ലജ്ജിക്കുന്നു”വെന്ന് വിശദീകരിച്ചു.
“25 എംപിമാര്‍ ചേര്‍ന്നാല്‍ പാര്‍ലമെന്റിനെ തടങ്കലിലാക്കാമെന്നു വരുന്നത് അംഗീകരിച്ചുകൊടുക്കാനാവില്ലല്ലോ. സ്പീക്കര്‍ വേണം അവര്‍ക്കെതിരേ നടപടി എടുക്കാന്‍. ഞാന്‍ പരമാവധി നടപടി ശുപാര്‍ശചെയ്യും,” കമല്‍ നാഥ് പറഞ്ഞു.
അതേ സമയം പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാനായി എന്ന ആശ്വാസം പ്രകടിപ്പിക്കാനാണ് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ തയ്യാറായത്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
“ഞങ്ങളുടെ പാര്‍ട്ടി നിശ്ചയിച്ച കാര്യമാണ്, ആ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകും, ഒരു മാറ്റവും ഉണ്ടാകില്ല. എന്നാല്‍ സംഭവം ജനാധിപത്യത്തിനു കളങ്കം ചാര്ത്തുന്നതായിപ്പോയി,” എന്ന് കേന്ദ്ര കല്‍ക്കരി വകുപ്പുമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ പ്രതികരിച്ചു.
“രാജ്ഗോപാല് കുരുമുളക് സ്പ്രേ ചെയ്തത് ഞാനുള്ളപ്പോഴാണ്. സ്പീക്കര്‍ ആക്രമിക്കപ്പെടുമോ എന്നായിരുന്നു എന്റെ ഭയം. ഇതു സുരക്ഷാ വീഴ്ചയല്ല, മറിച്ച് ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് ഓരോ അംഗങ്ങളുമാണ്,” മന്ത്രി പറഞ്ഞു.
“സംഭവിച്ചതൊന്നും രാജ്യതാല്പര്യത്തിനു ഹിതമല്ല. ഇങ്ങനെയൊക്കെ അനുവദിക്കുകയാണെങ്കില്‍ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാനാവില്ല. ഈ വിഷയം പാര്‍ലമെന്റിനു പുറത്തല്ല ഉള്ളിലാണ് ചര്‍ച്ചചെയ്യേണ്ടത്,” ജയ്സ്വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: