ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഇന്നലെ നടന്ന നാണംകെട്ട നാടകങ്ങള്‍ക്ക് ഉത്തരവാദി കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും. ഒരു പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന പാര്‍ട്ടിയും സര്‍ക്കാരും നേരിടുന്ന രണ്ടാമത്തെ പരാജയമാണ് ഇന്നലെ കണ്ടത്. നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയന്മായിരുന്നു ആദ്യത്തേത്.
പതിനഞ്ചാം ലോക്സഭയുടെ അവസാന സമ്മേളനമാണ് നടക്കുന്നത്. പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷവും ഭരണപക്ഷവും കൈകൊടുത്തു പിരിയുമ്പോഴും രാഷ്ട്രീയ പോരാട്ടത്തിന് അങ്കം കുറിക്കുന്നതാണ് പതിവ്. പക്ഷേ, തെരഞ്ഞെടുപ്പു നേരിടാന്‍ പോകുന്ന ഭരണകക്ഷിയുടെ പാര്‍ട്ടിതന്നെ തമ്മില്‍ തല്ലുന്ന സ്ഥിതി വിശേഷം ഉണ്ടായത്. ഇതാവട്ടെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനുള്ളിലും.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന് പാര്‍ലമെന്റ് ഇന്നലെ സാക്ഷ്യം വഹിച്ചപ്പോള്‍ അതിനു പിന്നിലുള്ള കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റേയും പങ്ക് മാപ്പര്‍ഹിക്കുന്നതല്ല. സ്വന്തം എംപിമാര്‍ തമ്മില്‍ത്തല്ലുന്നത് കാണാനാവാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സഭയിലേക്ക് കടക്കാതെ പുറത്തുതന്നെ നിലയുറപ്പിച്ചതും സഭയിലെ ‘നണക്കേടുകള്’ കണ്ടുകൊണ്ട് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തലയ്ക്ക് കയ്യുംകൊടുത്ത് ഭരണപക്ഷ ബെഞ്ചില്‍ ഉരുന്നതുമെല്ലാം ചരിത്രത്തിന്റെ ഭാഗം.
തെലങ്കാന വിഷയം കൈകാര്യം ചെയ്തതില്‍ കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും വലിയ പരാജയമാണ് സംഭവിച്ചിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തെലങ്കാനയുമായി മുന്നോട്ടു പോകുമ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളേയും കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ വികാരങ്ങളേയും കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ഒരു ഘട്ടത്തില്‍ പോലും പരിഗണിച്ചില്ല. രാജ്യം ഭരിക്കുന്നവര്‍ കാണിച്ച ഈ നിസംഗതയുടെ അവസാന രംഗങ്ങളാണ് ഇന്നലെ സഭയില്‍ അരങ്ങേറിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
നിരവധി അഴിമതി ആരോപണങ്ങളില്‍ തകര്‍ന്ന കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും ജനക്ഷേമകരമായ ബില്ലുകള്‍ പാസാക്കി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന കണക്കുകൂട്ടലിലാണ് ശീലകാല സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ പാര്‍ലമെന്റിലെത്തിയത്. ചില ജനപ്രിയ ബില്ലുകളോടൊപ്പം ന്യൂനപക്ഷ പ്രീണനത്തിനായി വിവാദ വര്‍ഗ്ഗീയവിരുദ്ധ ബില്ലും രാഹുലും സംഘവും തയ്യാറാക്കി വെച്ചിരുന്നു. എന്നാല്‍ തെലങ്കാന വിഭജനത്തേ തുടര്‍ന്നുള്ള എംപിമാരുടെ പ്രതിഷേധം എത്തിനില്‍ക്കുന്ന നാണംകെട്ട സാഹചര്യം കോണ്‍ഗ്രസിന്റെ അവസാന പ്രതീക്ഷകളേയും കെടുത്തുകയാണ്. രാജ്യത്തിനു മുന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരിഹാസ്യരായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ പറയുന്നു.
ബജറ്റവതരണം തടസ്സപ്പെട്ട അസാധാരണ കാഴ്ചയ്ക്ക് സാക്ഷിയായവര്‍ മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു തെലങ്കാന ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം ദുരന്തമാകുമെന്ന്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കടുംപിടുത്തം ലോക്സഭയിലെ കൂട്ടത്തല്ലിലേക്കാണ് കലാശിച്ചത്. ഇനി കേന്ദ്രസര്‍ക്കാരുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. തെലങ്കാന വിഷയത്തില്‍ ബില്ല് പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ പിന്തുണയ്ക്കാമെന്ന് നേരത്തെ ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എംപിമാര്‍ തന്നെയാണ് സഭകളിലെ നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തുന്നതെന്ന സാഹചര്യത്തില്‍ ഇനി സര്‍ക്കാരുമായി ഒത്തുതീര്‍പ്പിനില്ലെന്നാണ് ബിജെപി നിലപാട്.
പൊതു തെരഞ്ഞെടുപ്പിന് കേവലം ആഴ്ചകള്‍ മാത്രം ശേഷിക്കെ തമ്മില്‍ത്തല്ലി നാണംകെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. വോട്ടുചോദിച്ച് രാജ്യത്തെ ജനങ്ങളെ എങ്ങനെ സമീപിക്കുമെന്ന ആശങ്ക വിവിധ നേതാക്കള്‍ക്കുണ്ട്. യുപിഎ സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും പരാജയമാണെന്ന ബിജെപിയുടെ ആരോപണത്തിനുള്ള മറുപടികള്‍ ഇനി കോണ്‍ഗ്രസിന്റെ പക്കലില്ല. കോണ്‍ഗ്രസ് നേതാക്കളുടെ മറുപടികള്‍ ഇനി ജനങ്ങള്‍ കേള്‍ക്കാനും തയ്യാറാകില്ലെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: