തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം സംബന്ധിച്ച് ആരോട് ആലോചിച്ചു ആരെ അറിയിച്ചു എന്നത് ചോദിക്കേണ്ടത് ഹൈക്കമാന്ഡിനോടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഹൈക്കമാന്‍ഡ് തന്നെ അറിയിച്ചില്ലെന്ന ആരോപണമാണ് മാധ്യമങ്ങള്‍ അറിഞ്ഞതെങ്കില്‍ അത് വിശ്വസിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ടെലിവിഷനിലൂടെയാണോ മുഖ്യമന്ത്രി അറിഞ്ഞതെന്ന ചോദ്യത്തിന് താന്‍ ടിവി കാണാറില്ലെന്നായിരുന്നു മറുപടി.താനും രമേശ് ചെന്നിത്തലയും പറയുന്നത് ഹൈക്കമാന്‍ഡ് അംഗീകരിക്കണമെന്നില്ല. ഒന്നോ രണ്ടോ ആളുകളുടെ തീരുമാനമല്ല ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. സുധീരന്റെ നിയമനം ആരെയൊക്കെ നേരത്തെ അറിയിച്ചു എന്നുള്ളതും തനിക്കറിയില്ല. വി എം സുധീരനുമായി തനിക്ക് വര്‍ഷങ്ങളുടെ ബന്ധമാണുള്ളത്. മാധ്യമങ്ങള്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. കേരളത്തിന് മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചു തന്നെ പ്രധാന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വി എം സുധീരന്റെ സ്ഥാനാരോഹണ ചടങ്ങും ബുധനാഴ്ച തിരുവനന്തപുരത്ത് നല്കിയ സ്വീകരണവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബഹിഷ്ക്കരിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും സംസ്ഥാന ഭരണവും രണ്ടു തട്ടിലെന്ന അഭ്യൂഹം പരന്നു.ഇത് ശരിവയ്ക്കുന്ന മറുപടിയാണ് ഇന്നലെ മന്ത്രിസഭാ യോഗതീരുമാനം വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചത്.
കെജിഎസ് ഗ്രൂപ്പിന്റെ ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് നന്നായി ആലോചിച്ചെടുത്ത തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും ചര്‍ച്ചകള്‍ നടത്തി പൊതു ജനത്തില്‍ താല്പര്യം അറിഞ്ഞ ശേഷം മാത്രമേ നടപ്പാക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: