ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം തിരിച്ചുപിടിക്കാനുള്ള ആഴ്സണലിന്റെ ശ്രമത്തിന് തിരിച്ചടി. ബുധനാഴ്ച രാത്രി സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് സമനിലയില്‍ കുടുങ്ങിയതാണ് ഗണ്ണേഴ്സിന് തിരിച്ചടിയായത്. കഴിഞ്ഞയാഴ്ച ലിവര്പൂളിനോടേറ്റതോല്വിയുടെ ഞെട്ടലില്‍ നിന്ന് ആഴ്സണല്‍ മോചനം നേടിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ പ്രകടനം. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് ആഴ്സണലായിരുന്നു. 17 തവണ അവര്‍ എതിര് ഗോള്‍മുഖത്തേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഒരെണ്ണം പോലും വലയിലെത്തിക്കാന്‍ കഴിയാതെ വന്നതാണ് ആഴ്സണലിന് തിരിച്ചടിയായത്.
മറ്റൊരു മത്സരത്തില്‍ അവസാന നിമിഷത്തില്‍ പെനാല്‍റ്റിയിലൂടെ സ്റ്റീവന്‍ ജെറാര്‍ഡ് നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെ കീഴടക്കി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു എവേ മത്സരത്തില്‍ ലിവര്‍പൂളിന്റെ വിജയം. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ കാലോ ടൂറേയുടെ സെല്‍ഫ് ഗോളിലൂടെ ഫുള്‍ഹാമാണ് മുന്നിലെത്തിയത്. എന്നാല്‍ 41-ാം മിനിറ്റില്‍ ഡാനിയല്‍ സ്റ്ററിഡ്ജിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. പിന്നീട് 63-ാം മിനിറ്റില്‍ റിച്ചാര്ഡ്സണിലൂടെഫുള്ഹാം വീണ്ടും ലീഡ് നേടിയെങ്കിലും 72-ാം മിനിറ്റില്‍ കൗടീഞ്ഞോയിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. തുടര്‍ന്ന് മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിച്ചിരിക്കുന്നതിനിടെയാണ് ഇഞ്ച്വറിസമയത്ത് പെനാല്‍റ്റിയിലൂടെ ജെറാര്‍ഡ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. ഡാനിയേല്‍ സ്റ്ററിഡ്ജിനെ ബോക്സിനുള്ളില്‍ ജോണി ഹെയ്റ്റിംഗ വീഴ്ത്തിയതിനാണ് റഫറി സ്പോട്ട്കിക്ക് വിധിച്ചത്. കിക്കെടുത്ത സ്റ്റീവന്‍ ജെറാര്‍ഡ് ഫുള്‍ഹാം ഗോളിക്ക് യതൊരു അവസരവും നല്‍കാതെ പന്ത്വലയിലെത്തിച്ചു. തൊട്ടുപിന്നാലെ അമിത ആഹ്ലാദപ്രകടനം നടത്തിയതിന് ജെറാര്‍ഡിന് മഞ്ഞകാര്‍ഡും ലഭിച്ചു.
മറ്റൊരു മത്സരത്തില്‍ ടോട്ടനം മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി. ടോട്ടനത്തിന് വേണ്ടി 19, 82 മിനിറ്റുകളില്‍ ഇമ്മാനുവല്‍ അഡബയോറും 53-ാം മിനിറ്റില്‍ പൗളീഞ്ഞോയും 88-ാം മിനിറ്റില്‍ നാസര്‍ ചദ്ലിയും ഗോളുകള്‍ നേടി. സ്റ്റോക്ക്സിറ്റി-സ്വാന്‍സീ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി-സണ്ടര്‍ലാന്റ്, എവര്ട്ടന്-ക്രിസ്റ്റല്‍ പാലസ് പോരാട്ടങ്ങള്‍ മാറ്റിവെച്ചു.
26 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുമായി ചെല്‍സിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 56 പോയിന്റുള്ള ആഴ്സണല്‍ രണ്ടാമതും 25 മത്സരങ്ങളില്‍ നിന്ന് 54 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും നില്ക്കുന്നു. 26 മത്സരങ്ങളില്‍ നിന്ന് 53 പോയിന്റുമായി ലിവര്‍പൂള്‍ നാലാമത് നില്ക്കുമ്പോള് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 42 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: