കൊല്ലം: നിഷ്പക്ഷമായി നിലകൊള്ളേണ്ടതിന് പകരം രാഷ്ട്രീയനേതൃത്വത്തോട് വ്യക്തമായ ചായ്വ് പ്രകടിപ്പിച്ച കൊല്ലം ജില്ലാ കളക്ടര്‍ ബി.മോഹനന് വിവാദത്തിലേക്ക്. ബുധനാഴ്ച രാത്രി ഡിസിസി ഓഫീസിലെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ മിനിട്ടുകള്‍ക്കുള്ളില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തിയാണ് ജില്ലാ ഭരണാധികാരിയായ ജില്ലാ കളക്ടര്‍ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തത്.
രാത്രിയോടെ ഔദ്യോഗികവാഹനത്തില്‍ എത്തിയ ജില്ലാ കളക്ടര്‍ കോണ്‍ഗ്രസിന്റെ ജില്ലാ ഓഫീസിനുള്ളിലെത്തി അവിടെ ചര്‍ച്ചയില്‍ ഇരുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് ഹസ്തദാനം ചെയ്യുകയും അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകനില്‍ നിന്നും ത്രിവര്‍ണഷാള്‍ വാങ്ങി സുധീരനെ അണിയിക്കുകയുമായിരുന്നു. ജില്ലാ കളക്ടറുടെ ഈ നടപടി വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്നലെയും പതര്‍ച്ചയില്ലാത്ത ഭാഷയിലായിരുന്നു ജില്ലാ കളക്ടറുടെ പ്രതികരണം. താന്‍ എല്ലാ രാഷ്ട്രീയനേതാക്കളെയും ബഹുമാനത്തോടെയാണ് കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞൊഴിഞ്ഞത്. വി.എം.സുധീരനെ വ്യക്തിപരമായി നന്നായറിയാവുന്നതിനാല്‍ ആദരിച്ചെന്നേയുള്ളൂവെന്നും ഇതില്‍ യാതൊരു തെറ്റും കാണുന്നില്ലെന്നായിരുന്നു ജില്ലാ കളക്ടറുടെ നിലപാട്. അതേ സമയം ഇലക്ഷന് കമ്മീഷന്റെ തീരുമാനപ്രകാരം നാളെ തന്നെ സ്ഥലംമാറി പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേല്ക്കുന്നതിനാലാണ് അദ്ദേഹം ഇത്രയും ധൈര്യമായി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടിയിലും ഭരണമുന്നണിയിലും പെട്ട രാഷ്ട്രീയനേതാക്കള്‍ ആരോപിക്കുന്നു. വിവാദമുണ്ടായാലും അതിന്റെ പേരില്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ലെന്ന് ഉറപ്പുള്ളതിനാലാണ് ജില്ലാ കളക്ടര്‍ ബി.മോഹനന് തന്റെ ഭാഗം ന്യായീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് മുസ്ലിം ലീഗ് ജില്ലാ നേതാവിനെ നിര്‍ബന്ധപ്പൂര്‍വം ട്രാഫിക് അവലോകന യോഗത്തില്‍ പങ്കെടുപ്പിച്ച് വിവാദം സൃഷ്ടിച്ചയാളാണ് ജില്ലാ കളക്ടര്‍. അന്നും വ്യക്തമായ രാഷ്ട്രീയചേരിതിരിവായിരുന്നു കളക്ടറുടെ നടപടിയില്‍ പ്രതിഫലിച്ചിരുന്നത്. കേരള പിറവി ദിനത്തില്‍ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ഉദഘാടനം ചെയ്യാനെത്തിയ ശ്വേതാമേനോനുണ്ടായ അപമാനത്തിന് ആദ്യം നടിയോട് ഫോണില്‍ വിളിച്ച് സംഘാടകനെന്ന നിലയില്‍ മാപ്പുചോദിച്ചതും പിന്നീട് അത് മാറ്റി പറയുകയും ചെയ്ത ജില്ലാ കളക്ടര്‍ ബി.മോഹനന്റെ നടപടി സ്ത്രീസമൂഹത്തിനും പൊതുജനത്തിനുമിടയില്‍ വ്യാപകപ്രതിഷേധത്തിന് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: