ന്യൂദല്‍ഹി: ആഴ്ച്ചതോറും മാറുന്ന ഇന്ധനവിലയെ അടിസ്ഥാനമാക്കി നിരക്ക് വര്‍ധിപ്പിക്കുന്ന ജനവിരുദ്ധമായ പുതിയ റെയില്‍വേ നയം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്വകാര്യവത്കരണ നീക്കങ്ങള്‍ ശക്തമാക്കിയും സാധാരണക്കാരന്റെ യാത്രാ ആവശ്യങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ചും വിദേശ നിക്ഷേപം അനുവദിച്ചുമാണ് റെയില്‍ മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ പാര്‍ലമെന്റില്‍ ഇന്നലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.
നടപ്പാക്കാന്‍ സമയമില്ലെന്ന് ഉറപ്പുണ്ടായിട്ടും വോട്ട് ബാങ്കില്‍ മാത്രം കണ്ണുവച്ച് പുതുതായി 72 ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ രൂപീകൃതമായി നാലുമാസത്തിനകം സമ്പൂര്‍ണ്ണ ബജറ്റ് ഉണ്ടാകുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ട്രയിനുകളുടെ എണ്ണം സംബന്ധിച്ച അപ്രായോഗിക പ്രഖ്യാപനം എന്നതുറപ്പാണ്. സേവനം എന്ന തത്വത്തിന് വിരുദ്ധമായ പ്രീമിയം ട്രയിനുകളും ബജറ്റിന്റെ ജനവിരോധ സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്നു. തിരക്കുള്ള റൂട്ടുകളില്‍ യാത്രക്കാരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുന്നതാണ് സര്‍വീസ് നടത്തുന്നതാണ് പ്രീമിയം ട്രെയിനുകള്‍.
പ്രത്യക്ഷ വര്‍ധനവ് വരുത്താതെ ഇന്ധനവില മാറുന്നതിനനുസരിച്ച് യാത്രാ, ചരക്ക് കൂലികള്‍ ക്രമാനുഗതമായി കൂട്ടുന്നതിലേക്കായി സ്വതന്ത്ര റെയില്‍ താരിഫ് അതോറിറ്റി രൂപീകരിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെലങ്കാന വിഷയത്തില്‍ ബഹളം ശക്തമായതോടെ അവതരണം ഇടയ്ക്ക് തടസപ്പെട്ട ബജറ്റ് റെയില്‍മന്ത്രി സഭയില്‍ വയ്ക്കുകയായിരുന്നു.
പുതിയ 72 ട്രെയിനുകള്‍
പതിനേഴ് പ്രീമിയം ട്രയിനുകള്‍, 38 എക്സപ്രസ്, പത്ത് പാസഞ്ചര്‍, നാല് മെമു, മൂന്നു ഡെമു. മൂന്ന് തീവണ്ടികള്‍ ദീര്‍ഘിപ്പിച്ചു. മൂന്നെണ്ണം പ്രതിദിനമാക്കി.
പ്രീമിയം ട്രെയിനുകളുടെ പ്രത്യേകത
തിരക്കുള്ള റൂട്ടുകളില്‍ മാത്രമായിരിക്കും സര്‍വീസ്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ടിക്കറ്റ് നിരക്ക് വര്‍ധിക്കും. മിനിമം നിരക്ക് രാജധാനിയിലെ തല്‍ക്കാല്‍ ചാര്‍ജിന് സമം. നോണ്‍ സ്റ്റോപ്പ് സര്‍വീസ്. റിസര്‍വേഷന്‍ സൗകര്യം 15 ദിവസത്തിന് മുന്‍പ് മാത്രം. വെയ്റ്റിങ് ലിസ്റ്റിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവില്ല. ആര്‍എസി അനുവദിക്കും. ടിക്കറ്റ് ചാര്‍ജ് തിരിച്ചുലഭിക്കില്ല.
സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്ന മേഖലകള്‍
കോച്ച് ഫാക്റ്ററികളുടേതടക്കമുള്ള നിര്‍മ്മാണരംഗം, റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികവത്കരണം, മള്‍ട്ടി പര്‍പ്പസ് കോംപ്ലക്സുകളുടെ നിര്‍മ്മാണം, സ്വകാര്യ ചരക്ക് ടെര്‍മിനലുകളുടെ നിര്‍മ്മാണം, ചരക്ക് തീവണ്ടികളുടെ നടത്തിപ്പ്. ചരക്ക് ഇടനാഴികളുടെ നിയന്ത്രണം.
സ്ത്രീസുരക്ഷ
ആറ് ബറ്റാലിയന് വനിതാ സിആര്‍പിഎഫ് ഗാര്‍ഡുകളെ നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: