ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പ് മാത്രമാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ അവതരിപ്പിച്ച ഇടക്കാല റെയില്‍ ബജേറ്റ്ന്നും യഥാര്‍ത്ഥ റെയില്‍ ബജറ്റിനായി രാജ്യത്തെ ജനങ്ങള്‍ കാത്തിരിക്കണമെന്നും ബിജെപി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാലുടന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രയോജനകരമായ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അനന്തകുമാര്‍ പ്രസ്താവിച്ചു.
ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് കുറഞ്ഞ ആയുസ്സുമാത്രമാണ് ഉണ്ടാകുക. രണ്ടാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനാല്‍ ബജറ്റിലെ പ്രഖ്യാപനങ്ങളൊന്നും നടപ്പാക്കാനാവില്ല. യുപിഎ സര്‍ക്കാരിന്റെ യാത്രയയപ്പ് ബജറ്റാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ അവതരിപ്പിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണത്തിനിടെ ബിജെപി ഭരണത്തിലിരിക്കുന്നതിനാല്‍ യാതൊന്നും നല്‍കാതിരുന്ന കര്‍ണ്ണാടകമാണ് റെയില്‍ വികസനത്തിനായി ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയതെന്ന് റെയില്‍മന്ത്രി സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്നും അനന്തകുമാര്‍ പറഞ്ഞു. എന്നാല്‍ സ്വന്തം സംസ്ഥാനമായ കര്‍ണ്ണാടകത്തിനു പോലും യാതൊന്നും നല്കാന് റെയില്‍വേ മന്ത്രി തയ്യറായിട്ടില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്ന പരാജയമാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ വികസനത്തെ വലിയതോതില്‍ പുറകോട്ടടിച്ചിരിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: