പാലക്കാട് : ധര്‍മ നവോത്ഥാനത്തിലൂടെ നവയുഗ സൃഷ്ടിക്കായി ധര്‍മ പ്രവാചകന് തഥാതന്റെ നേതൃത്വത്തില്‍ ഏഴു ദിവസങ്ങളിലായി നടന്ന ധര്മസൂയമഹായാഗം സമാപിച്ചു. പ്രപഞ്ച സമതുലനം, ബ്രഹ്മചര്യധര്മം, ത്യാഗസുധര്മം, രാഷ്ട്രധര്‍മം, ധര്‍മസ്വീകരണം, ധര്‍മ സംസ്ഥാപനം, സ്വര്‍ഗ്ഗ പ്രപഞ്ചം എന്നീ സങ്കല്പ്പങ്ങളിലൂന്നിയാണ് പാലക്കാട് കിണാശ്ശേരിയില്‍ മഹായാഗം നടന്നത്.
ഊര്ദ്ധ്വലോകവും അധോലോകവും തമ്മിലുള്ള സംയോജനം യാഗശക്തിയുടെ പ്രസരണം ദിവ്യമാനവസൃഷ്ടിയുടെയും, സ്വര്ക്ഷപ്രപഞ്ചത്തിന്റെയും ആവിര്‍ഭാവം എന്നിവയുടെ ഫലപ്രാപ്തിക്കുള്ള സംഘപ്രാര്ത്ഥനയായിരുന്നു സമാപന ദിനത്തിലെ സവിശേഷ ചടങ്ങ്.
മാനവ ബോധത്തിന്റെ പുഷ്പീകരണ പ്രതീകമായി ഇന്നലെ യാഗശാല പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ബോധത്തിന്റെ പുഷ്പീകരണവുമായി ഭക്തര്‍ ആനന്ദ നൃത്തമാടി. തുടര്‍ന്ന് യാഗശാല പ്രതീകാത്മകമായി അഗ്നിക്കിരയാക്കി. ഇതിനുശേഷം യാഗശാലയിലെ യാഗാഗ്നി വണ്ടിത്താവളത്തെ തപോവരിഷ്ഠാശ്രമത്തിലെ യജ്ഞശാലയിലേക്ക് തിരികെ സമര്‍പ്പിച്ചു. സമര്‍പ്പിച്ച യാഗാഗ്നിയുമായി തപോവരിഷ്ഠാശ്രമത്തില്‍ പതിവുപോലെ യജ്ഞം തുടരും.
കഴിഞ്ഞ ഏഴു ദിവസവും പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 9.30 വരെ യാഗശാലയില്‍ വേദമന്ത്രോച്ചാരണത്തോടുകൂടിയുള്ള യാഗചടങ്ങുകളായിരുന്നു. ചടങ്ങുകള്‍ക്കു പുറമെ കലാസാംസ്കാരിക പരിപാടികള്‍ക്കും യാഗശാല വേദിയായി. സമഗ്ര വിദ്യാഭ്യാസ ദര്‍ശനവും ഭാവിതലമുറയും, സാമൂഹിക പരിസ്ഥിതിയും സുസ്ഥിരവികസനവും, സത്ഭരണം, മതം മാനവ പുരോഗതിക്ക്, ശാസ്ത്രവും ആത്മീയതയും, വിശ്വ സാഹോദര്യം എന്നീ വിഷയങ്ങളില്‍ നടന്ന സാംസ്കാരിക സമ്മേളനങ്ങളായിരുന്നു ശ്രദ്ധേയം. വിശ്വ ശാന്തി സമ്മേളനത്തോടെയായിരുന്നു യാഗശാലയിലെ സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ശാസ്ത്ര സാങ്കേതിക രാഷ്ട്രീയ രംഗത്തു നിന്നുള്ള പ്രമുഖര്‍ പങ്കെടുത്ത ചര്‍ച്ചാവേദികളും ആര്‍ഷ ഭാരത സംസ്കാരത്തെ വിളിച്ചോതുന്ന പ്രദര്‍ശനങ്ങളും യാഗശാലയെ കൂടുതല്‍ സമ്പന്നമാക്കി ഏഴ് ദിവസങ്ങളില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ കുടുംബസമേതം യാഗശാല സന്ദര്‍ശിച്ചതും ശ്രദ്ധേയമായി. ഹിമാലയ സാനുക്കളില്‍ നിന്നെത്തിയ നാഗസന്യാസിമാരും 38 രാജ്യങ്ങളില്‍ നിന്നെത്തിയ1500 ലധികം വിദേശ പ്രതിനിധികളും യാഗശാലയില്‍ എല്ലാ ദിനങ്ങളിലും പങ്കാളികളായിരുന്നു.
തഥാതന്റെ ശിഷ്യരായ 1008 ദീക്ഷിതന്മാരുടെയും 10008 യജ്ഞാര്ത്ഥികളുടെയും പതിനായരിക്കണക്കിന് ഭക്തരുടെയും മുഴുനീള സാന്നിദ്ധ്യം യാഗശാലയില്‍ ഉണ്ടായിരുന്നു. മനുഷ്യബോധത്തിന്റെ സമസ്ത മണ്ഡലങ്ങളുടെയും പുഷ്പീകരണവുമായാണ് ധര്‍മസൂയ മഹായാഗം ഫലപ്രാപ്തിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: