കോഴിക്കോട്: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി ഫയാസ് കോഴിക്കോട്ജില്ലാ ജയിലില്‍ പി. മോഹനനെ കണ്ടതായി ജയില്‍ ജീവനക്കാര്‍ മൊഴി നല്കി.
ടി.പി. ചന്ദ്രശേഖരന് വധഗൂഢാലോചനക്കേസ് അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ജയ്സണ്‍ കെ. അബ്രഹാമാണ് ഇന്നലെ ജയിലില്‍ എത്തി മൊഴി യെടുത്തത്. ഫയാസ് ജയിലില്‍ എത്തിയ ആഗസ്റ്റ് ആറിന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പേരുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘം ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്. ഫയാസ് ജയില്‍ സന്ദര്‍ശിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വെല്‍ഫയര്‍ ഓഫീസര്‍ ജയില്‍ സൂപ്രണ്ട് എന്നിവരുടെ മൊഴിയും ശേഖരിക്കും. ഇരുവരും കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും സ്ഥലം മാറ്റപ്പെട്ടവരാണ്.
ടി.പി. ചന്ദ്രശേഖരന് വധകേസില്‍ ശിക്ഷവിധിക്കപ്പെട്ട കിര്‍മാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി. വിചാരണ കോടതി വെറുതെ വിട്ട സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനന് എന്നിവരെ ഫയാസ് കണ്ടെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫയാസിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത സജേഷ്, രാജേഷ് എന്നീ രണ്ട് വാര്ഡന്മാരുടെയും മൊഴിയെടുക്കും. കൂടാതെ സ്വര്‍ണ്ണക്കടത്ത്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന് ഫയാസില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. സിസി ടിവി ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും കോപ്പിചെയ്യാനും അന്വേഷണ സംഘം അനുമതി തേടി. സിസി ടിവി സ്ഥാപിച്ച കെല്‍ട്രോണ്‍ അധികൃതരെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി നല്കാന് ജയില്‍ അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉച്ചയ്ക്ക് 2.45 ന് ജയിലില്‍ എത്തിയ ഫയാസ് വൈകിട്ട് 3.06 ന് തിരിച്ച് പോയെന്നാണ് ജയില്‍ സന്ദര്‍ശന പുസ്തകത്തില്‍ രേഖപ്പെടുത്തിയത്. ആരെ കാണാന്‍ വന്നുവെന്നോ എന്തിന് ജയിലില്‍ എത്തിയെന്നോ സന്ദര്‍ശന പുസ്തകത്തില്‍ ഫയാസ് രേഖപ്പെടുത്തിയിരുന്നില്ല. ഒഴിവുദിവസം ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് അറബി വേഷത്തില്‍ സന്ദര്‍ശകനായെത്തിയ ഫയാസ് കൊലയാളിസംഘത്തെ മാത്രമെ സന്ദര്ശിച്ചിട്ടുള്ളൂവെന്നും മോഹനനെ കണ്ടില്ലെന്നുമായിരുന്നു സിപിഎം ഇതുവരെ വാദിച്ചിരുന്നത്. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണം സിപിഎമ്മില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: