തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് മാറ്റം. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ബിജുപ്രഭാകറാണു പുതിയ തിരുവനന്തപുരം കളക്ടര്‍. എറണാകുളം കളക്ടറായിരുന്ന പി.കെ.ഷേഖ്പരീത് പൊതുവിദ്യാഭ്യാസ ഡയറക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന കെ.എന്‍.സതീഷ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറാവും. സ്ഥാനമൊഴിയുന്ന ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ വഹിച്ചിരുന്ന അധികച്ചുമതലകളും അദ്ദേഹം വഹിക്കും. കൊല്ലം കളക്ടറായിരുന്ന ബി. മോഹനന് പത്തനംതിട്ടിയിലേക്കും പത്തനംതിട്ടയില്‍ നിന്നു പ്രണബ് ജ്യോതികുമാര്‍ കൊല്ലത്തേക്കും മാറും. കണ്ണൂര്‍ കളക്ടറായിരുന്ന എം.ജി. രാജമാണിക്യമാണു പുതിയ എറണാകുളം കളക്ടര്‍. ഐറ്റി മിഷന് ഡയറക്ടറായിരുന്ന പി. ബാലകൃഷ്ണന് കണ്ണൂരിലും ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാര്‍ വയനാട്ടിലും കളക്ടര്‍മാരായി ചുമതലയേല്‍ക്കും. കൊച്ചി കോര്പറേഷന് സെക്രട്ടറിയായിരുന്ന പി.എം. ഫ്രാന്‍സിസിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: