കോഴിക്കോട്: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ക്വാട്ട സംബന്ധിച്ച തര്‍ക്കത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനെതിരെ വിവിധ മുസ്ലിംസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്ത്. തങ്ങള്‍ക്ക് ഹജ്ജ്ക്വാട്ട ലഭിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് പരാജയപ്പെട്ട ജമാഅത്തെ ഇസ്ലാമിയാണ് കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന തരത്തില്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന് കുറ്റപ്പെടുത്തുന്നു. ഇരുവിഭാഗം സുന്നിസംഘടനകള്, മുജാഹിദ് വിഭാഗങ്ങള്‍ എന്നിവരാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യക്ക് ഇത്തവണ അനുവദിച്ചുകിട്ടിയ ഹജ്ജ് ക്വാട്ടയില്‍ നിന്ന് 20000 എണ്ണം സ്വകാര്യ ഹജ്ജ്ഗ്രൂപ്പിന് നല്കിയ നിലപാട് തിരുത്തണമെന്നായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യം.
ഹജ്ജ്കര്‍മ്മം നടത്തുന്ന ഹറം പ്രദേശത്തെ വിപുലീകരണത്തോടനുബന്ധിച്ച് ഇത്തവണയും 20 ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ മറിച്ചുള്ളവാദം തെറ്റാണെന്നും സംഘടനകള്‍ വാദിക്കുന്നു. ഹജ്ജ് കര്മ്മത്തിന് സ്വകാര്യ ടൂര്ഓപ്പറേറ്റര്മാര് വഴി 36000 പേരാണ് ഹജ് കര്മ്മത്തിന് പോവുന്നത്. 1,20,000 പേരാണ് സര്‍ക്കാര്‍ ക്വാട്ടവഴി ഹജ്ജിന് പോവുന്നത്. സര്‍ക്കാര്‍ സംവിധാനം വഴി പോകുന്നവര്‍ക്ക് ഹജ്ജ് സബ്സിഡി ആനുകൂല്യം ലഭിക്കുന്നുണ്ട്. 800 കോടി രൂപയാണ് സര്‍ക്കാര്‍ ഹജ്ജ് കര്മ്മത്തിന് സബ്സിഡി നല്‍കുന്നത്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ വഴി പോകുന്നതിനേക്കാള്‍ 40,000 രൂപ വിമാനയാത്രാച്ചെലവില്ത്തന്നെ സര്‍ക്കാര്‍ ക്വാട്ട വഴി പോകുന്നവര്‍ക്ക് കുറവുണ്ട്. സ്വകാര്യസംരഭകര്‍ വഴി പോകുന്നവര്‍ക്ക് നല്കുന്ന അധിക സൗകര്യങ്ങള്‍ക്കുള്ള ചെലവ് മാത്രമാണ് കൂടുതലായി ഈടാക്കുന്നതെന്ന് സംഘടനകള്‍ വ്യക്തമാക്കുന്നു.
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ടൂര്‍ ഓപ്പറേറ്റര്‍ ലൈസന്‍സ് ലഭിക്കാത്തതിലുള്ള അസൂയയാണ് ജമാഅത്തെ ഇസ്ലാമി പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയ കക്ഷിയായതിനാല്‍ ജമാഅത്തെ ഇസ്ലാമിക്ക് പെര്‍മിറ്റ് നല്കാന് കഴിയില്ലെന്ന നിലപാടായിരുന്നു കഴിഞ്ഞവര്‍ഷം സുപ്രീംകോടതി പ്രകടപ്പിച്ചത്. ഇതിനെതുടര്‍ന്നാണ് ജമാഅത്തെ ഇസ്ലാമി സ്വകാര്യ സംരംഭകര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഹജ്ജ്പോലെയുള്ള പരിശുദ്ധ ചടങ്ങുകള്‍ക്ക് സബ്സിഡി പണംപറ്റാതെ സ്വന്തം പണം ചെലവാക്കിപോകുന്നതിനെയാണ് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കുന്നത്. സ്വകാര്യടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതലായി ഹജ്ജ് ക്വാട്ട നല്‍കിയെന്ന പ്രചാരണം തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: