ശ്ലോകം: 47
സീതാലക്ഷ്മണ സംയുക്തഃ ചീരവാസോ ജടാധരഃ
ഗുഹദ്രോണീമുപാശ്രിത്യ ഗംഗാപാരമവാപ്തവാന്
191: സീതാ ലക്ഷ്മണസംയുക്തഃ – സീതയോടും ലക്ഷ്മണനോടും കൂടി ചേര്ന്നവന്. രാമന് വനവാസത്തിന് പുറപ്പെട്ടപ്പോള്‍ സീത ഭര്‍ത്താവിനോടൊപ്പം വനവാസം സ്വീകരിച്ചു. രാമന്റെ പ്രിയപ്പെട്ട അനുജനായ ലക്ഷ്മണനും അവരോട് ചേര്‍ന്നു. രാമന്റെ വനവാസം മാത്രമേ കൈകേയി ആവശ്യപ്പെട്ടുള്ളൂവെങ്കിലും മൂന്നുപേരും വനവാസം സ്വീകരിച്ചു.
192. ചീരവാസഃ – മരവുരി വസ്ത്രമാക്കിയവന്‍. കാനനവാസത്തിന് ചേര്‍ന്ന വസ്ത്രം മരവുരി ആയതുകൊണ്ട് രാമനും സീതയും ലക്ഷ്മണനും അതുവരെ ധരിച്ചിരുന്ന രാജകീയ വസ്ത്രങ്ങളുപേക്ഷിച്ച് മരവുരി ഉടുത്തു.
193. ജടാധരഃ – ജട ധരിച്ചവന്. വനവാസക്കാലത്ത് എണ്ണപുരട്ടാനും കോതി ഒടുക്കാനും ക്ഷൗരം ചെയ്യാനുമൊക്കെ വിഷമമായതുകൊണ്ട് രാമലക്ഷ്മണന്മാര് താപസരെപ്പോലെ മുടി ജടയാക്കി.
194. ഗുഹദ്രോണീമുപാശ്രിത്യഗംഗാപാരമവാപ്തവാന് – ഗുഹന്റെ തോണിയെ ആശ്രയിച്ച് ഗംഗയുടെ മറുകരയില്‍ എത്തിയവന് (ദ്രോണി – തോണി; പാരം – മറുകര; അവാപതവാന് – എത്തിയവന്). അയോധ്യയുടെ അതിര്‍ത്തിയിലുള്ള നിഷാദരാജ്യത്തിന്റെ അധിപനാണ് ഗുഹന്. രാമലക്ഷ്മണന്മാരും സീതയും നിഷാദരാജ്യത്തിന്റെ ഭാഗമായ വനപ്രദേശത്തില്‍ എത്തിയപ്പോള്‍ ഗുഹന് അവിടെയെത്തി അവരെ സ്വീകരിച്ചു. രാമന്റെ നിര്‍ദ്ദേശമനുസരിച്ച് ഗുഹന് തന്റെ തോണിയില്‍ അവരെ ഗംഗയുടെ മറുകരയില്‍ എത്തിച്ചു.
ശ്രീരാമന് ഗംഗ കടക്കാന്‍ ഗുഹന്റെ തോണി വേണ്ടിവന്നതില്‍ എന്തോ പൊരുത്തക്കേടുള്ള മട്ടിലാണ് അടുത്ത രണ്ടുനാമങ്ങള്‍.
ശ്ലോകം : 48
സംസാരസാഗരോത്താരപാദസ്മരണഃ പാവനഃ
രോഗപീഡാപ്രശമനഃ ദൗര്ഭാഗ്യധ്വാന്തഭാസ്കരഃ
നാമം : 195 സംസാരസാഗരോത്താരപാദസ്മരണഃ – പാദങ്ങളുടെ സ്മരണമാത്രം കൊണ്ട് സംസാരസാഗരം കടത്തുന്നവന്. സംസാരസാഗരം കടക്കാന്‍ ശ്രീരാമന്റെ പാദസ്മരണ മാത്രമേ വേണ്ടൂ. സമുദ്രത്തിന്റെ പരപ്പും ആഴവും അതിലുള്ള ചുഴികളും തിരമാലകളും കൊടുങ്കാറ്റും നക്ര തിമിംഗലാദികളായ ജലജന്തുക്കളും എല്ലാം ചേര്‍ത്തു ചിന്തിച്ചാല്‍ സമുദ്രം കടക്കുന്നത് എളുപ്പമല്ലെന്ന് കാണാം. സമുദ്രക്ഷോഭത്തെ അതിജീവിക്കാന്‍ കഴിവുള്ള കപ്പലും കഴിവുള്ള നാവികരും കപ്പിത്താനും ഉണ്ടെങ്കിലേ കടല്‍ കടക്കാനാകൂ. സംസാരവും സമുദ്രം പോലെ അപാരമാണ്. അനേകമനേകം ആപത്തുകള്‍ അതിന്റെ ആഴത്തിലും പരപ്പിലും ഒളിഞ്ഞിരിക്കുന്നുവെങ്കിലും ശ്രീരാമദേവന്റെ പാദസ്മരണമാത്രം കൊണ്ട് സംസാരസമുദ്രത്തെ അനായാസമായി കടക്കാം.
ഏതൊരുവന്റെ പാദസ്മരണമാത്രം കൊണ്ട് സംസാരസാഗരത്തിന്റെ മറുകരയിലെത്താന്‍ കഴിയുമോ ആ ശ്രീരാമന് ഗംഗകടക്കാന് ഗുഹന്റെ തോണിയെ ആശ്രയിക്കേണ്ടിവന്നു എന്നതില്‍ അ ല്പ്പം പൊരുത്തക്കേട് തീര്ച്ചയായുണ്ട്.
196. പവിത്രമാക്കിത്തീര്ക്കുന്നവന്-ഭഗവാന്റെ പാദസ്മരണം എല്ലാ പാപങ്ങളെയും നശിപ്പിച്ച് ഭക്തനെ ശുദ്ധീകരിക്കും. പാപമോചനം നേടിയാലേ സം സാരസാഗരതരണം അനായാസമായി നടക്കൂ. മുന്‍ നാമത്തോടു ചേര്ത്തുചിന്തിച്ചാല് സാരസ്യം വ്യക്തമാകും.
197. രോഗപീഡാ പ്രശമനഃ – രോഗങ്ങള്‍ കൊണ്ടുള്ള പീഡയെ ശമിപ്പിക്കുന്നവന്‍. മനുഷ്യന് അനുഭവിക്കുന്ന സുഖദുഃഖങ്ങള്‍ക്കെല്ലാം കാരണം കര്‍മമാണ്. സത്കര്‍മങ്ങള്‍ സൗഭാഗ്യത്തെ യും ദുഷ്കര്‍മങ്ങള്‍ ദുരിതത്തെയും വിളിച്ചുവരുത്തും. രോഗം, ദാരിദ്ര്യം, അ പമാനം, കുടുംബബന്ധങ്ങള്‍ക്കുണ്ടാകുന്ന ശൈഥില്യം തുടങ്ങിയവയൊക്കെ കാരണം അറിഞ്ഞോ അറിയാതെയോ ചെ യ്തുപോകുന്ന പാപങ്ങളാണ്. ഭഗവാന്റെ കഥകള്‍ കേള്‍ക്കുക, അന്യരെ കേള്‍പ്പിക്കുക, സ്മരിക്കുക, പാരായണം ചെയ്യുക, ഭഗവാന്റെ ആലയങ്ങളില്‍ ആരാധന നടത്തുക തുടങ്ങിയ പാപങ്ങളെ നശിപ്പിക്കും. പാപങ്ങള്‍ നശിക്കുമ്പോള്‍ പാപഫലമായി അനുഭവിക്കേണ്ടിവന്ന രോഗങ്ങളും മറ്റ് ദുരിതങ്ങളും നശിക്കും. രോഗപീഡ ശരീരത്തിനായാലും മനസ്സിനായാലും ഭഗവാന്റെ കാരുണ്യം ആ രോഗങ്ങളെ ഉച്ചാടനം ചെയ്യും.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: