നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ളോക്ക് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ മൊഴിയെടുക്കാന്‍ എത്തിയ പോലീസ് സംഘത്തോടൊപ്പം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും എത്തിയത് വിവാദമായി. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരന്റെ മൊഴിയെടുക്കാന്‍ എത്തിയ സംഘത്തോടൊപ്പമാണ് കോണ്‍ഗ്രസ് നേതാക്കളും എത്തിയത്.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ മേലേത്തളം വിജയനാരായണന്‍, ജുപ്പീറ്റര്‍ സുരേഷ് എന്നിവരാണ് പോലീസിനൊപ്പം കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയത്. നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും നില്‍ക്കെ പരസ്യമായിട്ടായിരുന്നു പോലീസിന്റെ മൊഴിയെടുക്കല്‍. രാവിലെ പതിനൊന്നുമണിയോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിലെ നിലമ്പൂര്‍ സി.ഐ കെ.എ ചന്ദ്രന് ബന്ധുക്കളുടെ മൊഴിയെടുക്കുന്നതിനായി കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയത്.
രാധയുടെ ബന്ധുക്കളുടെ മൊഴി വീട്ടുമുറ്റത്ത് വച്ച് പരസ്യമായാണ് സി.ഐ.എടുത്തത്. സി.ഐ ബന്ധുക്കളോട് ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം ആദ്യം പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൗണ്‍സില്‍ സ്ഥാനത്തേക്ക് മത്സരിച്ച് തോല്‍ക്കുകയും ചെയ്ത വിജയനാരായണനായിരുന്നു. ഈ മൊഴിയാണ് പിന്നീട് ബന്ധുക്കളും ആവര്‍ത്തിച്ചത്. കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കൊലപാതകത്തിലെ ഉന്നത ബന്ധം പുറത്തു കൊണ്ടുവരണമെന്നാവശ്യപെട്ട് ഇടതുമുന്നണിയും ബി.ജെ.പിയും നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: