ന്യൂദല്‍ഹി: കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനിക്കുമെതിരെ കേസെടുക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉത്തരവിട്ടു. ചട്ടവിരുദ്ധമായി ഗ്യാസ് വില വര്‍ദ്ധിപ്പിക്കാന്‍ റിലയന്‍സിന് അനുമതി നല്‍കിയതിനാലാണ് നടപടി.
മുന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്റയ്ക്കെതിരെയും കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. അഴിമതി വിരുദ്ധ അധികൃതര്‍ മന്ത്രിക്കും അംബാനിക്കുമെതിരെ എഫ്ഐആര്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണെന്ന് കെജ്രിവാള് പറഞ്ഞു. പ്രമുഖരായ നാലുപേരില്‍ നിന്ന് റിലയന്‍സിനെതിരായി നാലു പരാതികള്‍ ലഭിച്ചതായി കെജ്രിവാള് പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ പേരും പരാതിയില്‍ പറയുന്നുണ്ടെന്ന് കെജ്രിവാള് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
റിലയന്‍സിന് വന്‍ ലാഭമുണ്ടാക്കി നല്‍കാനാണ് ഗ്യാസ് വില കൂട്ടാന്‍ അനുമതി നല്‍കിയത്. ഇതിനായി കൃത്രിമമായി ഗ്യാസ് ഷോര്‍ട്ടേജ് ഉണ്ടാക്കിയെന്നും കെജ്രിവാള് ആരോപിച്ചു. റിലയന്‍സിന്റെ പക്കലുള്ള എണ്ണപ്പാടങ്ങള്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിക്കും മുകേഷ് അംബാനിക്കുമെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുക്കാനാണ് ദല്‍ഹി സര്‍ക്കാരിന്റെ നീക്കം.
എന്‍.ടി.പി.സിക്ക് പത്തു ലക്ഷം തെര്‍മല്‍ യൂണിറ്റിന് 2.3 ഡോളര്‍ ക്രമത്തില്‍ ഗ്യാസ് നല്‍കാനാണ് റിലയന്‍സ് സമ്മതിച്ചിരുന്നത്. എന്നാല്‍ ദേവ്റ മന്ത്രിയായിരിക്കെ കിഴക്കന്‍ തീരത്തെ ഡി6 ബ്ളോക്കില്‍ നിന്ന് 4.3 ഡോളറിനാണ് ഗ്യാസ് നല്‍കിയത്. ഏപ്രില്‍ ഒന്നു മുതല്‍ യൂണിറ്റിന് നാലു ഡോളറിനു പകരം വില എട്ടു ഡോളറാക്കാന്‍ തീരുമാനിച്ചിരുന്നു. അത് നടപ്പാക്കിയിരുന്നെങ്കില്‍ എല്ലാ തലത്തിലും വിലക്കയറ്റം ഉണ്ടാകുമായിരുന്നെന്ന് കെജ്രിവാള് ചൂണ്ടിക്കാട്ടി.
അതേസമയം ദല്‍ഹി മുഖ്യമന്ത്രിയുടെ അജ്ഞത മൂലമാണ് തനിക്കെതിരെ കേസെടുത്തതെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. ഒരു സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെജ്രിവാള് അറിഞ്ഞിരിക്കണം. കാര്യങ്ങള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് പഠിക്കണം. വില നിശ്ചയിക്കുന്നതിന് ഒരു സംവിധാനമുണ്ട്. കിണറ്റില്‍നിന്ന് വെള്ളം കോരിയെടുക്കുന്നതുപോലെ എണ്ണ എടുക്കാനാവില്ലെന്ന് കെജ്രിവാള് അറിയണം. പണമുണ്ടെങ്കില്‍ കുറച്ച് തരട്ടെ. വില കുറച്ചുകൊടുക്കാം – മൊയ്ലി പറഞ്ഞു.
വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വാതകവില വര്‍ദ്ധിപ്പിക്കുന്നത്, താന്‍ പറഞ്ഞിട്ടല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: