ന്യൂദല്‍ഹി: സ്വതന്ത്ര എംഎല്‍എ രാംബീര്‍ ഷോക്കീന് കൂടി പിന്തുണ പിന്‍വലിച്ചതോടെ ദല്‍ഹിയിലെ അരവിന്ദ് കേജ്രിവാള് മന്ത്രിസഭ കൂടുതല്‍ പ്രതിസന്ധിയിലായി. 70 അംഗ നിയമസഭയില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഇതോടെ 34 ആയി കുറഞ്ഞു. ആംദ്മി പാര്‍ട്ടിയുടെ 26 പേരും കോണ്‍ഗ്രസിന്റെ 8 അംഗങ്ങളും മാത്രമാണ് സര്‍ക്കാരിന് പിന്തുണ നല്‍കുന്നത്. ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന കേജ്രിവാളിന്റെ പ്രഖ്യാപനം പ്രതിസന്ധി കൂടുതല്‍ വ്യക്തമാക്കുന്നതാണ്.
സര്‍ക്കാര്‍ രൂപീകരണ വേളയില്‍ പിന്തുണ നല്കിയ ആംആദ്മി പാര്‍ട്ടിയിലെ നേതാവ് വിനോദ്കുമാര്‍ ബിന്നി, ജെഡിയു അംഗം ഷൊഹൈബ് ഇക്ബാല്‍,സ്വതന്ത്ര അംഗമായ രാംബീര്‍ ഷോക്കീന് എന്നിവരാണ് ഒരു മാസത്തിനകം കേജ്രിവാളിനെതിരായിരിക്കുന്നത്. ബിന്നിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതോടെ എഎപി അംഗങ്ങളുടെ എണ്ണം 27 ആയി കുറഞ്ഞിരുന്നു. ഇതിനു പുറമേ ഒരംഗം സ്പീക്കര്‍ സ്ഥാനത്തേക്കും മാറിയതോടെയാണ് സര്‍ക്കാരിനു പിന്തുണ നല്‍കുന്നവരുടെ എണ്ണം 34 ആയി കുറഞ്ഞത്.
പിന്തുണ പിന്‍വലിച്ച മൂന്നു പേരും നിയമസഭയില്‍ കുറുമുന്നണിയായി പ്രവര്‍ത്തിക്കുമെന്ന് ഷോക്കീന് വ്യക്തമാക്കി. വെള്ളക്കരം കുറയ്ക്കുക, സ്ത്രീ സുരക്ഷയ്ക്കു വേണ്ട നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് മൂവരും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതല്ലാതെ ഒന്നും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതാണ് എഎപി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പ്രഖ്യാപനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന സത്യം ജനം തിരിച്ചറിഞ്ഞു തുടങ്ങിയതും കേജ്രിവാളിനും കൂട്ടര്‍ക്കും പ്രതിബന്ധമാകുന്നുണ്ട്.
ജനലോക്പാല്‍ ബില്‍ പാസാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന കേജ്രിവാള് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് നിയമപ്രതിസന്ധികളും നേരിടേണ്ടി വരുന്നുണ്ട്. സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന പുതിയ നിയമനിര്‍മ്മാണങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നതിനു മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന നിര്‍ദ്ദേശമാണ് ജനലോക്പാലിന് മുന്നിലെ പ്രതിബന്ധം. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ ബില്ല് അവതരിപ്പിച്ചാല്‍ പിന്തുണയ്ക്കില്ലെന്നും എതിര്‍ക്കുമെന്നും മുഖ്യപ്രതിപക്ഷമായ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ നിയമസഭയിലെ ഭൂരിപക്ഷം കൂടി നഷ്ടമായ സാഹചര്യത്തില്‍ മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലാണ് ആംആദ്മി പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: