കൊച്ചി : ഹൈവേ പെട്രേളിംഗ് സംഘത്തിലെ പോലീസുകാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച സംഭവത്തിലെ പ്രതികളെ എട്ടു ദിവസമായിട്ടും പിടികൂടാത്തതിനാല്‍ പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ അമര്‍ഷം ഉയരുന്നു. കാല്‍മുട്ടിന് പൊട്ടലും തലക്ക് പരിക്കുമേറ്റ കളമശ്ശേരി എ.ആര്.ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.പി.രഞ്ജിത് ചികിത്സയിലാണ്. ഈ മാസം 4 ന് എം.സി.റോഡില്‍ കീഴില്ലം സ്ക്കൂളിന് മുന്നിലായിരുന്നു അപകടം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ അമിതവേഗത്തില്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാഹനപരിശോധനയുടെ ഭാഗമായി പോലീസുകാരന് സ്റ്റോപ്പ് സിഗ്നല്‍ നല്കിയപ്പോള് ബൈക്കിന്റെ വേഗം കൂട്ടി പോലീസുകാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയടിച്ചു വീണ പോലീസുകാരനെ ബോധം നഷ്ടപ്പെട്ട നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കിന്റെ നമ്പര്‍ മനസ്സിലാക്കി നടത്തിയ അന്വേഷണത്തില്‍ പുല്ലുവഴി കാവുങ്കമാലില് വീട്ടില്‍ ജിബിന്‍ജോസഫ് (20), പുല്ലുവഴി കറുകപ്പിള്ളി വീട്ടില്‍ ബേസില്‍ (19) എന്നിവരാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമായി. പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്ററി സ്ക്കൂള് പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജിബിന്‍ജോസഫ് ആണ് ഇരുചക്രവാഹനം ഓടിച്ചിരുന്നത്. ഇയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിനാല്‍ ബൈക്കിന് പിന്നിലിരുന്ന ഐരാപുരം ശ്രീശങ്കരവിദ്യാപീഠം കോളേജിലെ ഡിഗ്രിവിദ്യാര്‍ത്ഥിയായ ബേസിലിനെ പ്രതിയാക്കാനാണ് കുറുപ്പംപടി പോലീസ് ആദ്യം ശ്രമം നടത്തിയത്.
പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം നേടുന്നതിനുള്ള സൗകര്യാര്‍ത്ഥമാണ് പോലീസിന്റെ ഒളിച്ചുകളിയെന്ന് പോലീസ്സേനയിലെ തന്നെ ഒരു വിഭാഗം കരുതുന്നു. ഇടിച്ചിട്ട ഇരുചക്രവാഹനം പോലും ഇതുവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല.ഉന്നത രാഷ്ട്രീയ സ്വാധീനമാണ് പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച പ്രതികളെ പോലീസ് തന്നെ സംരക്ഷിക്കുന്നതെന്നും ആരോപണം ഉണ്ട്. പരിക്കേറ്റ പോലീസുകാരന്റെ മാതാവും ഭാര്യയും ചേര്‍ന്ന് ആഭ്യന്തരവകുപ്പ് മന്ത്രിക്കും ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: