കൊച്ചി: മറ്റു രാഷ്ട്രീയ നേതാക്കളെപ്പോലെ നരേന്ദ്രമോദിയും അരമണിക്കൂറോ, ഒരു മണിക്കൂറോ വൈകിയേ യോഗത്തിനെത്തുവെന്നു കരുതി മറൈന്‍ ഡ്രൈവില്‍ തിങ്ങി നിറഞ്ഞുനിന്നവരുടെ മുന്നിലേക്ക് കൃത്യം 3.55ന് മോദിയെത്തിയപ്പോള്‍ സാധാരണ കെപിഎംഎസ് പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ആശ്ചര്യം പ്രകടമായിരുന്നു.
ഇത്ര കൃത്യനിഷ്ഠയുള്ള നേതാവുണ്ടോയെന്ന് അവര്‍ മനസിലെങ്കിലും ചോദിച്ചിട്ടുണ്ടാവും. പച്ച നിറമുള്ള കുര്‍ത്ത ധരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരായ കരിമ്പൂച്ചകളോടൊപ്പം മോദി സമ്മേളന നഗരിയില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ വേദിയിലെങ്ങും മുദ്രാവാക്യങ്ങള്‍ മുഴങ്ങി. മാധ്യമങ്ങളില്‍ കാണുന്ന അതേ പ്രസരിപ്പോടെ വേദിയിലേക്ക് പടികള്‍ ചവിട്ടിക്കയറി. വേദിയിലെത്തിയപ്പോള്‍ പതിവു രീതിയില്‍ ഇടംകൈ വീശി തിങ്ങിനിറഞ്ഞ ജനത്തെ അഭിസംബോധന ചെയ്തു. അപ്പോഴും ആളുകള്‍ മോദിക്കായി മുദ്രാവാക്യം മുഴക്കുകയും ആവേശത്താല്‍ ആര്‍ത്തിരമ്പുകയും ചെയ്യുന്നുണ്ടായിരുന്നു. അധ്യക്ഷപ്രസംഗം നടത്തിയ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ മോദിയെ രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്നു വിശേഷിപ്പിച്ചപ്പോള്‍ ആളുകളുടെ ആവേശം പാരമ്യത്തിലെത്തി. അപ്പോഴും സമ ചിത്തതയോടുകൂടി യാതൊരു ഭാവഭേദങ്ങളുമില്ലാതെ മോദി സദസിലെ മറ്റുള്ളവരുമായി തന്റെ ആശയ വിനിമയം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: