ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ പാര്‍ട്ടിതല നടപടി സ്വീകരിക്കേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വത്തില്‍ ധാരണ. ഇനി വിഎസിനു മേല്‍ എടുക്കാനുള്ളത് പുറത്താക്കല്‍ എന്ന അവസാന നടപടി മാത്രമാണെന്നും ഇതെത്രത്തോളം നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് വ്യക്തമല്ലെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
ടി.പി. ചന്ദ്രശേഖരന് കേസില്‍ വിഎസ് സ്വീകരിക്കുന്ന തുടര്‍ നിലപാടുകള്‍ കൂടി നിരീക്ഷിച്ച ശേഷം മാത്രം കടുത്ത നടപടി മതി. വിഎസിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ ഔദ്യോഗിക നേതൃത്വം നടത്തുന്നത് അവസാനിപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രനേതൃത്വം സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്.
വിഎസിനെതിരായ കടുത്ത നടപടി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന പൊതു നിലപാടാണ് സിപിഎമ്മിനുള്ളത്.
എന്നാല്‍ വിഎസുമായി യോജിച്ചുപോകാന്‍ സാധിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റണമെന്നും കേന്ദ്രകമ്മറ്റിയില്‍ നിന്നും ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നു.
തെരഞ്ഞ്പ്പിനു ശേഷം വേണമെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അതുവരെ സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി ഒഴിവാക്കുന്നതിനായാണ് പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് വിഎസിന്റെ കത്തിനെതിരെ രംഗത്തെത്തിയത്.
ടിപി കേസില്‍ രമയുടെ സമരത്തെ പിന്തുണച്ച് വിഎസ് മുഖ്യമന്ത്രിക്കു നല്കിയ കത്തു സംബന്ധിച്ച സംസ്ഥാനകമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിഎസിനെതിരെ നടപടി സ്വീകരിക്കുക. മാര്‍ച്ചില്‍ നടക്കുന്ന കേന്ദ്രകമ്മറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള സാധ്യത കുറവാണെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം വിഎസിനെതിരായ നടപടിയുടെ അടിസ്ഥാനമായി സംസ്ഥാന കമ്മറ്റി റിപ്പോര്‍ട്ട് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: