കൊച്ചി: ഇന്ന് ജനം കാതോര്‍ക്കും, നരേന്ദ്രമോദിയുടെ വാക്കുകള്‍ക്കായി. അവിടെ കക്ഷി രാഷ്ട്രീയ-മത ഭേദമന്യേ എത്തുന്ന ജനലക്ഷങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവ് മോദി നിറഞ്ഞുനില്‍ക്കുമെന്നതില്‍ സംശയമില്ല. താന്‍ എത്തുന്നിടത്തേയ്ക്കെല്ലാം ലക്ഷം ജനങ്ങളെ ആകര്‍ഷിക്കുന്ന മോദി മാജിക് ഇവിടെയും ആവര്‍ത്തിക്കും. കൊച്ചിയില്‍ മോദി എത്തുന്നത് കെപിഎംഎസിന്റെ കായല്‍ സമ്മേളന സ്മരണ ശതാബ്ദി സംഗമത്തില്‍ പങ്കെടുക്കാനാണെങ്കിലും ബിഷപ്പുമാര്‍ അടക്കമുള്ള മത നേതാക്കള്‍ അദ്ദേഹവുമായി ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും എന്നതുകൊണ്ടുതന്നെ അതൊരു മാറ്റത്തിന്റെ മുന്നോടിയാണെന്ന് പറയാം.
പുലയന് കരയില്‍ സംഘടിക്കുവാന്‍ അവകാശമില്ലാതിരുന്ന കാലഘട്ടത്തില്‍ പണ്ഡിറ്റ് കറുപ്പനും കെ.പി.വള്ളോനും അടക്കമുള്ള നേതാക്കള്‍ കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി പ്രതിഷേധിച്ചതിന്റെ നൂറാം വാര്‍ഷിക ആഘോഷമാണ് ഇന്ന് മറൈന്‍ ഡ്രൈവില്‍ നടക്കുന്നത്. ഒട്ടനവധി രാഷ്ട്രീയമാറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഏക നേതാവെന്ന നിലയിലേക്കുള്ള മോദിയുടെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തും. സമൂഹത്തിലെ പിന്നാക്കക്കാരന് നേരിടുന്ന അവഗണന സ്വയം അനുഭവിച്ചറിഞ്ഞുകൊണ്ടാണ് മോദി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവാകുന്നത്. പിന്നാക്കക്കാരന് എന്ന നിലയില്‍ മോദിതന്നെയാണ് കായല്‍ സമ്മേളം ഉദ്ഘാടനം ചെയ്യാന്‍ എന്തുകൊണ്ടും അനുയോജ്യന്‍ എന്ന കെപിഎംഎസിന്റെ നിലപാടിനെ വിമര്‍ശിച്ചവരും കുറവല്ല. എങ്കിലും ഏതൊരു വിമര്‍ശകനും മോദിയുടെ പ്രഭാവത്തെ അംഗീകരിക്കുകയും അതൊടൊപ്പം ഭയപ്പെടുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു വസ്തുത. കായല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന മോദിയ്ക്കൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്ന് ഇടത്-വലത് പക്ഷ നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
മറൈന്‍ ഡ്രൈവില്‍ ഇന്ന് അദ്ദേഹത്തെ ശ്രവിക്കാന്‍ ഏകദേശം അഞ്ച് ലക്ഷം പേര് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. വൈവിധ്യമാര്‍ന്ന ആഘോഷത്തോടെയാണ് കെപിഎംഎസ് കായല്‍ സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കാനൊരുങ്ങുന്നത്. ത്യാഗനിര്‍ഭരമായ ജീവിതാനുഭവങ്ങളിലൂടെ പുതിയ തലമുറയ്ക്ക് ഊര്‍ജ്ജ ശ്രോതസ്സായി മാറിയ മണ്മറഞ്ഞ കെപിഎംഎസിന്റെ സാരഥികള്‍ക്ക് സമ്മേളനത്തില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിക്കും. രണ്ടാം നവോത്ഥാനത്തിനാണ് കെപിഎംഎസ് ഈ സമ്മേളനത്തിലൂടെ തുടക്കം കുറിക്കുന്നത്. പുലയന് മഹാസഭയും-പുലയര്‍ മഹാസഭയും ഈ സമ്മേളനത്തില്‍ വച്ച് ലയിച്ചുകൊണ്ട് ലയനപ്രഖ്യാപനം നടത്തും.
കായല്‍ സമ്മേളനത്തില്‍ കെപിഎംഎസ് പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മഹാത്മാ അയ്യങ്കാളിയുടെ ചരിത്ര രചനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ടി.എച്ച്.പി. ചെന്താരശ്ശേരി, കുന്നുകുഴി എസ്.മണി, എ.വി.ദിവാകരന്, പി.എസ്.അനിരുദ്ധന്, മഹാത്മാ അയ്യങ്കാളി സിനിമാ നിര്‍മാതാവായ സൂര്യദേവ, നടന് അജു കാര്ത്തികേയന്, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ഗായകരായ വൈക്കം വിജയലക്ഷ്മി, മധു ചിലമ്പൊലി, സാമൂഹ്യപ്രവര്‍ത്തകനായ കെ.കെ.പിള്ള എന്നിവരെ കായല്‍ സമ്മേളന ശതാബ്ദി പുരസ്കാരം നല്കി ആദരിക്കും. കായല്‍ സമ്മേളന ശില്പികളായ അഡ്വ.ടി.കെ.കൃഷ്ണ മേനോന്, പണ്്ഡിറ്റ് കെ.പി.കറുപ്പന്, കൃഷ്ണാതി ആശാന്, പി.സി.ചാഞ്ചന്, കെ.പി.വള്ളോന്‍ എന്നിവര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കും.
എസ്എന്‍ഡിപി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യാതിഥിയായിരിക്കും. ടി.വി.ബാബു ശതാബ്ദി സന്ദേശം നല്‍കും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, കൊച്ചി മേയര്‍ ടോണി ചമ്മണി, പണ്ഡിറ്റ് കറുപ്പന് ഫൗണ്ടേഷന് പ്രസിഡന്റ് ഡോ.ഗോപിനാഥ് പനങ്ങാട്, എസ് സി/എസ് ടി സംയുക്ത സമിതി പ്രസിഡന്റ് വെണ്ണിക്കുളം മാധവന്, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.വേലായുധന്, കെപിഎംഎസ് ഖജാന്‍ജി തുറവൂര്‍ സുരേഷ്, പുലയന് മഹാസഭ പ്രസിഡന്റ് എ.കെ.ദാമോദരന്‍, പുലയന് മഹാസഭ ജനറല്‍ സെക്രട്ടറി ഡോ.പി.പി.വാവ, പുലയന് മഹാസഭ ഖജാന്‍ജി കെ.എ.മോഹനന് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇസഡ് കാറ്റഗറി സുരക്ഷയുള്ള മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഭീകര ഭീഷണി നേരിടുന്ന നേതാവെന്ന നിലയില്‍ ഒരു ചെറിയ സുരക്ഷാ വീഴ്ചപോലും ചോദ്യം ചെയ്യപ്പെടുമെന്നതും ഉറപ്പ്. കഴിഞ്ഞ ഏപ്രിലില്‍ ശിവഗിരി മഠത്തിലും സപ്തംബര്‍ മാസത്തില്‍ മാത അമൃതാനന്ദമയീ ദേവിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായും കേരളത്തിലെത്തിയ മോദി മറ്റ്്് രാഷ്ട്രീയക്കാര്‍ക്ക് അസ്വീകാര്യനായെങ്കിലും കേരള ജനതയ്ക്ക് മേല്‍ തന്റെ വ്യക്തിപ്രഭാവം കൊണ്ട് ആധിപത്യം ഉറപ്പിച്ചാണ് അന്ന്്് മോദി മടങ്ങിയത്. ഇന്നത്തെ കൊച്ചി സന്ദര്‍ശനത്തിലും അത് തന്നെ ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. മോദിയെ കാണാനും കേള്‍ക്കാനുമായി കൊച്ചി കാത്തിരിക്കുകയാണ് ആവേശപൂര്‍വ്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: