ആലുവ: പുളിഞ്ചുവട്ടിലെ ഒരു വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട കേസിന്റെ അന്വേഷണം കുന്നത്തേരി സ്വദേശിയായ ഒരാളിലേക്ക് കേന്ദ്രീകരിച്ചു. ഒളിവില്‍ കഴിയുന്ന ഇയാളെ കണ്ടെത്തുന്നതിനുവേണ്ടി പ്രത്യേക അന്വേഷണസംഘം തെരച്ചില്‍ നടത്തുന്നുണ്ട്. ഇതിനു മുമ്പ് പുളിഞ്ചുവടിനടുത്ത് ഒരു ഫര്‍ണീച്ചര്‍ കട കുന്നത്തേരി സ്വദേശി നടത്തിയിരുന്നു. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഇയാള്‍ പലതവണ ജയിലില്‍ കിടന്നിട്ടുണ്ട്. കവര്‍ച്ച നടന്ന ദിവസം രാത്രി ഇയാളെ ഈ ഭാഗത്ത് ഒരു വാഹനത്തില്‍ കണ്ടതായി പോലീസിന് ചില രഹസ്യവിവരങ്ങള്‍ ലഭിച്ചിരുന്നു.
യഥാര്‍ത്ഥ മൊബെയിലിന് പകരം മറ്റുചില മൊബെയില്‍ ഫോണുകളില്‍നിന്നാണ് ഇയാള്‍ പലപ്പോഴും വിളിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഭാര്യയുടെ മൊബെയില്‍ഫോണ്‍ നമ്പര്‍ കണ്ടെത്തിയ പോലീസ് ഇതിലേക്ക് വിളിച്ചിട്ടുള്ള ചില നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. 300 പവനിലേറെ സ്വര്‍ണം നഷ്ടമായെന്ന് വെളിപ്പെടുത്തിയ വീട്ടുടമ രേഖകള്‍ നല്‍കിയത് 150 പവന്റേത് മാത്രമാണെന്ന് അറിയുന്നു. സ്ത്രീധനമായി ലഭിച്ചതായതിനാലാണ് കൃത്യമായ കണക്ക് അറിയാതിരുന്നതെന്നും സംശയിക്കുന്നു. വീട്ടില്‍ ആരുമുണ്ടാകാത്ത ദിവസവും മറ്റു വിവരങ്ങളും കൃത്യമായി അറിയണമെങ്കില്‍ ഈ പരിസരത്ത് നല്ല ബന്ധമുള്ളയാളുടെ സഹായവും ലഭിച്ചിരിക്കണമെന്ന സംശയത്തില്‍ തന്നെയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: