ന്യൂദല്‍ഹി: ഇസ്രത് ജഹാന് കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് സിബിഐ ഡയറക്ടറുടെ വെളിപ്പെടുത്തല്‍. കേസില്‍ മോദിയുടെ അടുത്ത അനുയായിയും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായിരുന്ന അമിത് ഷായെ പ്രതി ചേര്ത്തിരുന്നെങ്കില് യുപിഎസര്‍ക്കാരിന് വലിയ സന്തോഷമാകുമായിരുന്നു എന്ന സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ വെളിപ്പെടുത്തലാണ് കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്നതു വ്യക്തമാക്കിയിരിക്കുന്നത്.
എക്കണോമിക്സ് ടൈംസ് ദിനപ്പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ഇസ്രത് ജഹാന് കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമ്മര്ദ്ദത്തേപ്പറ്റി സിബിഐ ഡയറക്ടര്‍ സമ്മതിച്ചിരിക്കുന്നത്. കേസില്‍ ചില രാഷ്ട്രീയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അമിത് ഷായെ പുതിയ കുറ്റപത്രത്തില്‍ പ്രതി ചേര്ത്തിരുന്നെങ്കില് യുപിഎ സര്‍ക്കാരിനു വലിയ സന്തോഷമായി മാറിയേനെ. എന്നാല്‍ തങ്ങള്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കേസില്‍ മുന്നോട്ടു നീങ്ങിയത്. അമിത് ഷായ്ക്കെതിരെ യാതൊരു തെളിവുകളും ഇസ്രത് ജഹാന് കേസില്‍ കണ്ടെത്താന്‍ സിബിഐക്ക് സാധിച്ചില്ല, രഞ്ജിത് സിന്‍ഹ വ്യക്തമാക്കി.
സിബിഐ ഡയറക്ടറുടെ അഭിമുഖത്തേ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. ഇസ്രത് ജഹാന് കേസില്‍ നരേന്ദ്രമോദിയെ കുടുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ചെന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഡയറക്ടറുടെ വാക്കുകളെന്ന് ബിജെപി ആരോപിച്ചു. അമിത് ഷായിലൂടെ നരേന്ദ്രമോദിയെ കേസില്‍ കുടുക്കുകയെന്ന ലക്ഷ്യവുമായി സിബിഐക്കുമേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യക്തമായിരിക്കുകയാണ്. ഇസ്രത് ജഹാന് കേസിലെ പുതിയ കുറ്റപത്രം മോദിയെ കേസില്‍ പ്രതിചേര്‍ക്കുന്നതിനായി സിബിഐയെ ഉപയോഗിച്ചു നടത്തിയ നീക്കങ്ങളുടെ ഭാഗമാണെന്നും എന്നാല്‍ യാതൊരു തെളിവുകളും സൃഷ്ടിക്കാന്‍ സാധിക്കാതായതോടെയാണ് കോണ്‍ഗ്രസ് നീക്കം പൊളിഞ്ഞതെന്നും ബിജെപി വക്താവ് നിര്‍മ്മല സീതാരാമന് പറഞ്ഞു.
നരേന്ദ്രമോദിയെ കേസില്‍ കുടുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിപ്പെട്ട് ഇസ്രത് ജഹാന് കേസില്‍ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ബിജെപി കാലങ്ങളായി ഉന്നയിച്ചിരുന്ന ആരോപണം ശരിയാണെന്ന് സിബിഐ ഡയറക്ടറുടെ പ്രസ്താവനയോടെ വ്യക്തമായി. എന്നാല്‍ സിബിഐ ഡയറക്ടറുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. നിര്‍ഭാഗ്യകരമായ പരാമര്‍ശമാണ് രഞ്ജിത് സിന്‍ഹ നടത്തിയതെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ കൂട്ടിടലയ്ക്കപ്പെട്ട തത്തയ്ക്ക് ഭ്രാന്ത് പിടിച്ചതായി ജെഡിയു പരിഹസിച്ചു. സിബിഐ ഡയറക്ടറുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ പത്രം തെറ്റായി വ്യാഖ്യാനം ചെയ്തതാണെന്ന വിശദീകരണവുമായി സിബിഐ പിന്നീട് രംഗത്തെത്തി.
അതിനിടെ തങ്ങള്‍ക്ക് കോടതിയോട് മാത്രമേ പ്രതിബദ്ധതയുള്ളെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയത്തോടില്ലെന്നുമുള്ള സിബിഐ ഡയറക്ടറുടെ അഭിമുഖത്തിലെ പരാമര്‍ശം സിബിഐയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഇസ്രത് ജഹാന് കേസില്‍ മുന്‍ ഐ.ബി ഡയറക്ടര്‍ രജീന്ദ്രകുമാരിനേയും മറ്റു മൂന്ന് ഐബി ഉദ്യോഗസ്ഥന്മാരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വ്യാഴാഴ്ച പുതിയ കുറ്റപത്രം സമര്‍പ്പിച്ചതോടെ ഐബി-സിബിഐ ഭിന്നത ശക്തമായിരിക്കുകയാണ്. ഇസ്രത് ജഹാനെയും കൂട്ടരേയും ഐ.ബി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് പോലീസ് ലക്ഷ്യമിടുന്നുണ്ടെന്ന വിവരം അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അറിയാമായിരുന്നെന്ന മറ്റൊരു വിവാദ പരാമര്‍ശവും സിബിഐ ഡയറക്ടര്‍ നടത്തിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: