കൊച്ചി: ഫാക്ടിനെ രക്ഷിയ്ക്കാന്‍ സേവ് ഫാക്ടിന്റെ ആഭിമുഖ്യത്തില്‍ എം.ടി.നിക്സന്റെ നിരാഹാരം ആറാം ദിവസത്തിലേയ്ക്ക് കടന്നു. രാവിലെ നടന്നയോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അഭിവാദ്യം അര്‍പ്പിച്ചു.
ഫാക്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കേണ്ടത് ഓരോ കേരളീയന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് സാമ്പത്തിക പാക്കേജ് നടപ്പിലാക്കണം. എല്‍എന്‍ജി വിലയില്‍ കാട്ടുന്ന വിവേചനം അവസാനിപ്പിച്ച് ഫാക്ടിനെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണം. ഈ സമരം തികച്ചും ന്യായവും ധാര്‍മ്മികവുമാണ്. സിപിഐ സംസ്ഥാന കൗണ്‍സില്‍ ഈ സമരത്തെ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെട്ട് ഫാക്ട് പ്രശ്നത്തിന് പരിഹാമുണ്ടാക്കണമെന്നും പന്ന്യന്‍ രവീന്ദ്രന് ആവശ്യപ്പെട്ടു.
ഫാക്ട് ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യ റാലിയും അനുഭാവ ധര്‍ണ്ണയും നടത്തി. ഫാക്ടിന്റെ ശില്പി യശഃശരീരനായ എം.കെ.കെ.നായരുടെ പുത്രന് ഗോപീകൃഷ്ണന്, ചലച്ചിത്രസംവിധായകനായ മെക്കാര്‍ട്ടിന്‍, വ്യവസായിയും എഴുത്തുകാരനുമായ ഖാലിദ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ചേരാനെല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ സിന്‍ട്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകുന്നേരം 4 മണിക്ക് റിട്ടയേര്‍ഡ് ഫാക്ട് ജീവനക്കാരുടെ ജോയിന്റ് കൗണ്‍സിലിന്റെയും, കെപിഎംഎസ് ആലങ്ങാട് യൂണിറ്റിന്റെയും, ബിപിസിഎല്‍- കെആര്‍എല്‍, എച്ച്ഒസി ജീവനക്കാരുടെയും ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്റേയും ആഭിമുഖ്യത്തില്‍ അഭിവാദ്യറാലികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: