കൊച്ചി: മീറ്റര്‍ ചാര്‍ജിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നഗരത്തിലെ ഓട്ടോ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം മൂലം ജനം ദുരിതത്തിലായി. ഓട്ടോ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം. കൊച്ചി നഗരത്തിലെ രണ്ടായിരത്തേളം ഓട്ടോറിക്ഷകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോ പണിമുടക്കുമൂലം നഗരത്തില്‍ എത്തിച്ചേര്‍ന്ന പലര്‍ക്കും മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിന് പ്രയാസമായി. വിദേശികളടക്കമുള്ളവരെ സമരം ബാധിച്ചു. ഇതിനിടെ ഇന്നലെയും പാലാരിവട്ടത്ത് സംഘര്‍ഷം ഉണ്ടായി. മറ്റ് സ്ഥലങ്ങളില്‍നിന്ന് നഗരത്തിലേക്ക് യാത്രക്കാരുമായി വന്ന ഓട്ടോകള്‍ പണിമുടക്കിയ തൊഴിലാളികള്‍ തടഞ്ഞു. കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. പാലാരിവട്ടത്ത് വച്ചായിരുന്നു മര്‍ദ്ദനം. പ്രായം ചെന്ന രണ്ട് യാത്രക്കാരെ കൊണ്ട് നഗരത്തിലേക്ക് വരികയായിരുന്ന ഓട്ടോ തൊഴിലാളികള്‍ തടഞ്ഞ് നിര്‍ത്തിയ യാത്രക്കാരെ ഇറക്കിവിടുന്ന ചിത്രം പകര്‍ത്തിയ ചാനല്‍ ക്യാമറമാനെ തൊഴിലാളികള്‍ മര്‍ദ്ദിച്ചിരുന്നു.
പണിമുടക്കിയ തൊഴിലാളികള്‍ തൃപ്പൂണിത്തുറയില്‍ ‘കഞ്ഞിയും കപ്പയും’ വച്ച് പ്രതിഷേധിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരം സിഐടിയു നേതാവ് വി.പി.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് തൃപ്പൂണിത്തുറ മേഖല മോട്ടോര്‍ തൊഴിലാളി യൂണിയന് ജോയിന്റ് സെക്രട്ടറി കെ.വി.ഷാജി സംസാരിച്ചു. പോലസ് പീഡനം അവസാനിപ്പിക്കുക, പ്രീ പെയ്ഡ് സംവിധാനം വ്യാപകമാക്കുക, ഓട്ടോ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളി യൂണിയനുകള്‍ ഉന്നയിച്ചിട്ടുള്ളത്. പണിമുടക്കിയ തൊഴിലാളികള്‍ ഇന്നലെയും വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. ജില്ലാ കളക്ടറുടെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ ഇന്ന് ജില്ലാ വ്യാപകമായി പണിമുടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: