ഗുരുവായൂര്‍: ദേവസ്വം ആനക്കോട്ടയില്‍ പാദരോഗത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് തളര്‍ന്നുവീണ കൊമ്പന് കുട്ടിക്കൃഷ്ണന് ചരിഞ്ഞു. പുന്നത്തൂര്‍ ആനത്താവളത്തില്‍ ഇന്നലെ രാവിലെ പത്തോടെയാണ് കുട്ടികൃഷ്ണന് ചരിഞ്ഞത്. മുന്‍ഭാഗത്തെ ഇടത് കാലിലാണ് പാദരോഗം ആദ്യം കണ്ടുതുടങ്ങിയത്. പിന്നീട് മറ്റുകാലുകളിലേക്കും വ്യാപിക്കുകയായിരുന്നു. 2004മുതല്‍ പാദരോഗത്തിന് ചികിത്സയിലായിരുന്ന കൊമ്പന്റെ ആരോഗ്യനില ഏതാനും ആഴ്ചകളായി ഗുരുതരമായിരുന്നു.
പാദരോഗം സുഖപ്പെടുത്താനായി ഒന്നിലേറെ പ്രാവശ്യം ക്രയോസര്‍ജറി നടത്തിയിരുന്നു. പ്രായാധിക്യം കൊണ്ടുള്ള അവശതകൂടി ആയതോടെ ആന ഏറെ ക്ഷീണിതനായിരുന്നു. കഴിഞ്ഞമാസം 27ന് തളര്‍ന്നുവീണ ആനയുടെ ശരീരം പൊട്ടിയൊലിച്ച നിലയിലായിരുന്നു. കുട്ടികൃഷ്ണന്റെ അവശതയെക്കുറിച്ചും ആനക്കോട്ടയിലെ അവസ്ഥയെക്കുറിച്ചും ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 67 വയസ്സായ കുട്ടികൃഷ്ണനെ 1956 ജൂലായ് 15ന് കോഴിക്കോട് സ്വദേശിയായ സി.സി.വേലുകുട്ടി എന്ന ഭക്തനാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: