ട്രെയിന്‍ യാത്രകളിലെ സ്ത്രീസുരക്ഷ ഇന്നും ചോദ്യചിഹ്നമാണ്. ട്രെയിനുകളിലെ വനിതാ യാത്രികരുടെ സുരക്ഷാ ക്രമീകരണങ്ങളിലെ റെയില്‍വേ അധികൃതരുടെ അലംഭാവത്തെക്കുറിച്ച് നാളുകളായി ചര്‍ച്ച ചെയ്തിട്ടും പരാതിപ്പെട്ടിട്ടും ഒരു പരിഹാരവും ഉണ്ടാകുന്നില്ല. കേരളത്തില്‍ എന്നും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. സ്ത്രീ സുരക്ഷക്കുവേണ്ടി ആവശ്യമായതൊക്കെ ചെയ്യുമെന്നും കേന്ദ്രത്തോട് ഇതേക്കുറിച്ച് ആവശ്യപ്പെടുമെന്നും ഉറപ്പുനല്‍കുന്നു. വനിതാ കംപാര്‍ട്ടുമെന്റുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പറഞ്ഞത്. ലേഡീസ്കംപാര്‍ട്ട്മെന്റ് ട്രെയിനിന്റെ നടുവിലേക്ക് മാറ്റണമെന്നും സുരക്ഷക്കു കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്നും കഴിഞ്ഞമാസം ആറിനാണ് അദ്ദേഹം പറഞ്ഞത്.
ട്രെയിന്‍ യാത്രയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഈ സന്ദര്‍ഭത്തില്‍ പറയുന്നത് വെറുതെയല്ല. ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളോ, സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ലാതിരുന്നതാണ് 2011 ഫെബ്രുവരി 11-ന് സൗമ്യ എന്ന 21-കാരി പീഡനത്തിനിരയായി കൊല്ലപ്പെടാന്‍ വഴിയൊരുക്കിയത്.
സൗമ്യയുടെ ഓര്‍മകള്‍ക്ക് മൂന്നാണ്ട് പിന്നിടുമ്പോഴും ഒരു കുടുംബം നിയമയുദ്ധം തുടരുകയാണ്. കേസില്‍ കോടതി വിധി വന്നെങ്കിലും വ്യാകുലതയുടെ നെഞ്ചിടിപ്പുമായി സൗമ്യയുടെ അമ്മ സുമതി ജന്മഭൂമിയോട് മനസുതുറക്കുന്നു…
2011 നവംബര്‍ 11-നാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വധശിക്ഷ വിധിച്ചത്. കേരളം ഏകമനസ്സോടെ സ്വാഗതം ചെയ്ത ആ വധശിക്ഷ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചും കഴിഞ്ഞ ഡിസംബര്‍ 17-ന് ശരിവെച്ചു. സൗമ്യയുടെ ഓര്‍മകള്‍ക്ക് മൂന്നാണ്ട് പിന്നിടുമ്പോള്‍ വന്ന കോടതി വിധി ഒരു ആശ്വാസം പോലെയാണെന്ന് അമ്മ സുമതി പറയുന്നു. “ലോകം മുഴുവന്‍ ആഗ്രഹിച്ചതാണ് ഈ വിധി. എന്നാല്‍ ഇതുകൊണ്ടൊന്നും ആയില്ല. ഈ ലോകത്തു നിന്നും ഗോവിന്ദച്ചാമി വിട്ടുപോകണം. എന്നാല്‍ മാത്രമേ എന്റെ മനസിന് കുളിര്‍മ കിട്ടൂ.”
അടങ്ങാത്ത സങ്കടത്തോടെയും ദേഷ്യത്തോടെയുമാണ് സുമതി ഇതു പറഞ്ഞത്. ” എനിക്കുവേണ്ടി മാത്രമല്ല, എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിയാണ് എന്റെ ഈ പ്രാര്‍ത്ഥന. ഗോവിന്ദച്ചാമിയെപ്പോലുള്ളവര്‍ മരിക്കണം. എന്നാല്‍ മാത്രമേ കുട്ടികളുടെ ഭയം ഇല്ലാതാകൂ. അവന്റെ മരണം തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്”- സുമതി പറയുന്നു.
” എല്ലാ ആണ്‍കുട്ടികളും ഒരു പോലെയാണെന്ന് കരുതുന്നില്ല. എന്നാല്‍ കൊച്ചുകുട്ടിയെയും, അമ്മമാരെയുമൊക്കെ ഒരു കണ്ണിലൂടെ നോക്കുന്നവരാണ് സമൂഹത്തിലെ ഒരു വിഭാഗവും പുരുഷന്മാര്. കുട്ടികളെ ഇങ്ങനെ കൊല്ലുന്നവരെ വെടിവെച്ചു കൊല്ലണം. ഒരമ്മയുടെ വേദനയാണ് ഞാന്‍ പറയുന്നത്”- സുമതി തുടര്‍ന്നു.
സൗമ്യയെക്കുറിച്ചുള്ള ഓര്‍മകള്‍ തുറന്നു പറയുമ്പോള്‍ പലപ്പോഴും ഈ അമ്മ അറിയാതെ പൊട്ടിത്തെറിച്ചു. ഒന്നും തെറ്റായി തോന്നരുത്. എന്റെ വേദനയാണ് ഞാന്‍ പറയുന്നതെന്ന് സുമതി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടേയിരുന്നു.
” ചങ്കുറപ്പുള്ള ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല. അവന്റെ മരണംവരെ ഞാന്‍ പോരാടും, അവസാനം വരെ പോകും. ജനങ്ങള്‍ എന്റെ ഒപ്പമുണ്ടാകും. അവന് ഏതറ്റം വരെയും പോകും.. എങ്ങനെ വേണമെങ്കിലും പോകട്ടെ…ഞങ്ങളും കൂടെ പോകും.”- സുമതി പറഞ്ഞു.
24 മണിക്കൂറും പ്രാര്‍ത്ഥിക്കുന്നത് ഗോവിന്ദച്ചാമിയുടെ മരണത്തിനുവേണ്ടിയാണെന്ന് സുമതി പറയുന്നു. കേസുമായി അവന് മേല്‍കോടതിയില്‍ പോയാലും അവന് ജീവിതത്തില്‍ രക്ഷപ്പെടാനാവില്ല. ഇതുവരെ തനിക്കൊപ്പം ഉണ്ടായിരുന്നവരെല്ലാം ഇനിയും ഈ നിയമയുദ്ധത്തില്‍ എനിക്കൊപ്പമുണ്ടാകുമെന്നും ഈ അമ്മ പറയുന്നു.
“സൗമ്യയുടെയും, ദല്‍ഹിയിലെ പെണ്‍കുട്ടിയുടെയും സംഭവത്തിനുശേഷം സ്ത്രീ സുരക്ഷക്കുവേണ്ടി പല കാര്യങ്ങളും ചെയ്തു. നിയമം കര്‍ക്കശമാക്കി. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയല്ലെ ചെയ്യുന്നത്. കാഴ്ചയില്ലാത്ത പെണ്‍കുട്ടിയെപ്പോലും വെറുതെ വിടാത്തവരുടെ നാടാണിത്.”
“മോശം വസ്ത്രധാരണമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നത് ശരിയാണ്. വസ്ത്രധാരണം വലിയ പ്രശ്നമാണ്. മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് തന്റെ അഭിപ്രായം. വീട്ടില്‍ നിന്ന് അച്ഛനും അമ്മയും പറഞ്ഞുവിടുന്നത് നല്ല രീതിയിലായിരിക്കണം. മുട്ടോളം വസ്ത്രമിട്ട് ഫാഷന്‍ ഷോയ്ക്ക് കുട്ടികളെ വിടരുത്. കുട്ടികളെ ഇങ്ങനെയൊക്കെ കാണിക്കുന്ന ചാനലുകളും നിര്‍ത്തണം. ഇങ്ങനെയൊക്കെ പറയുമ്പോള്‍ മറ്റുള്ളവര്‍ ചോദിക്കും സൗമ്യ മാന്യമായി വസ്ത്രം ധരിച്ചിട്ടും എന്തുകൊണ്ട് അവള്‍ക്ക് ആ വിധി ഉണ്ടായെന്ന്. എന്നാല്‍ സൗമ്യ അവസാന ശ്വാസം വരെ പ്രതികരിച്ചു. എല്ലാ സ്ത്രീകളും പുരുഷന്മാരും ഒരുപോലെയാണെന്ന് പറയുന്നില്ല. എന്നാല്‍ ആരുടെയും മുന്നില്‍ മാനം പണയം വെക്കരുതെന്നെ ഈ അമ്മയ്ക്കു പറയാനുള്ളു… “
സുമതി വീട്ടുജോലിയ്ക്കുപോയാണ് ഇവരുടെ കുടുംബം പുലര്‍ത്തിയിരുന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച് എട്ട് മാസം പിന്നിടുമ്പോഴാണ് അവള് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. സൗമ്യയുടെ സ്ഥാപനത്തില്‍ നിന്നും 18 മാസത്തെ ശമ്പളം അതിനുശേഷം അവര്‍ നല്‍കിയിരുന്നു. പിന്നീട് പെന്‍ഷനായി 1650 രൂപ മാസംതോറും നല്‍കാമെന്ന് അറിയിച്ചു. ഒമ്പത് മാസം മുമ്പ് വരെ ഈ പണം കിട്ടിയിരുന്നെങ്കിലും ഇപ്പോള്‍ കിട്ടുന്നില്ല. സ്വകാര്യ സ്ഥാപനമായിരുന്നിട്ടും ഇത്രയും സഹായം കിട്ടിയത് പുണ്യമാണെന്ന് സുമതി പറയുന്നു. ഇനി കിട്ടിയില്ലെങ്കിലും സങ്കടമില്ലെന്നും അവര്‍ പറഞ്ഞു.
റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി അപേക്ഷ അയച്ച് കാത്തിരിക്കുമ്പോഴാണ് സൗമ്യക്ക് ദുരന്തമുണ്ടായത്. മകളുടെ മരണത്തിനുശേഷം ഇളയ മകന് സന്തോഷിന് റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനങ്ങളുണ്ടായിരുന്നെങ്കിലും അത് ലഭിച്ചില്ല. മുഖ്യമന്ത്രി ഇടപെട്ട് ഇപ്പോള്‍ ഒറ്റപ്പാലം റെവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ പ്യൂണായി സന്തോഷിന് ജോലി ലഭിച്ചു.
സൗമ്യയെ ഓര്‍ത്തുള്ള ഈ കുടുംബത്തിന്റെ ദുഃഖം ഒരിക്കലും അവസാനക്കില്ല. ദല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടപ്പോള്‍ അവള്‍ക്കുവേണ്ടി ഒരുരാജ്യം തേങ്ങി. സഹായ വാഗ്ദാനങ്ങള്‍ പല കോണില്‍ നിന്നും ലഭിച്ചു. നിര്‍ഭയ എന്ന ട്രസ്റ്റും ആരംഭിച്ചു. സൗമ്യക്കുവേണ്ടി നമ്മുടെ സര്‍ക്കര്‍ നല്‍കിയത് മൂന്ന ലക്ഷം രൂപയാണ്. ബാങ്കിലിട്ടിരിക്കുന്ന ഈ തുകയുടെ പലിശയിലൂടെ സുമതി കുടുംബം പുലര്‍ത്തുന്നു…ശാന്തശീലയായിരുന്ന ഒരു മകളുടെ ശാന്തിക്കായി ഒരമ്മ പ്രാര്‍ത്ഥിക്കുകയാണ്….ഈ ജീവിതകാലം മുഴുവനും….
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: