കല്‍പ്പറ്റ : ചക്ക സംസ്ക്കരണം വഴി വയനാട്ടിലെ കൃഷിക്കാര്‍ക്ക് പ്രതിവര്‍ഷം 1600 കോടി രൂപയുടെ വാര്‍ഷിക വരുമാനമുണ്ടാക്കാനാകുമെന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി.രാജേന്ദ്രന്. പൂപ്പൊലി 2014 ന്റെ ഭാഗമായി അമ്പലവയലില്‍ നടക്കുന്ന പുഷ്പഫല പ്രദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വരിക്കചക്ക വേണ്ട വിധത്തില്‍ സംസ്ക്കരണം നടത്തിയാല്‍ ഉല്‍പ്പന്നങ്ങളും ഉപോത്പന്നങ്ങളുമായി 500 രൂപ വരുമാനമുണ്ടാക്കാം. വയനാട്ടിലെ കാപ്പിതോട്ടങ്ങളിലെയും കൃഷിയിടങ്ങളിലെയും പ്ലാവുകള്‍ നേരാംവണ്ണം സംരക്ഷിച്ച് വിളവെടുക്കുകയാണെങ്കില്‍ ഇവിടെ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകില്ല. ബഹുരാഷ്ട്ര കുത്തകകമ്പനികള്‍ ബേബി ഫുഡ്സും മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളും ഉണ്ടാക്കുന്നതിനായി വയനാട്ടില്‍ നിന്ന് ഇടിച്ചക്ക സംഭരിച്ച് കൊണ്ടുപോകുന്നുണ്ട്. തുച്ഛമായ വിലക്കെടുക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ സംസ്ക്കരിച്ച് ഭക്ഷ്യവസ്തുവായി ടിന്നുകളിലെത്തുമ്പോള് 500 മടങ്ങിലേറെയാണ് വില.
ചക്ക സംസ്ക്കരിക്കാനുള്ള നടപടികള്‍ ഉടനടി ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 265 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ കര്‍ഷകരുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പൂപ്പൊലി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: