ന്യൂയോര്‍ക്ക്: അമേരിക്ക ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തി വച്ചു. പാക്ക് താലിബനും പാക്കിസ്ഥാന് സര്‍ക്കാരും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് അമേരിക്ക ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വരാന്‍ പോകുന്ന വന്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായുള്ള ശാന്തതയായിട്ടാണ് നിരീഷകര്‍ ഈ തീരുമാനത്തെ വിലയിരുത്തുന്നത്.
ഇപ്പോഴത്തെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും താന്‍ സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തെന്ന് ഉറപ്പുവരുത്താനാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചര്‍ച്ച നടത്തുന്നതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ചര്‍ച്ച പരാജയപ്പെട്ടാല്‍ വിവിധ താലിബാന് ഗ്രൂപ്പുകള്‍ ആക്രമണങ്ങള്‍ക്ക് തുനിയുമെന്നും പട്ടാളത്തെ ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുകയാണ് പാക് ഗവണ്മെന്റിന്റെ ലക്ഷ്യമെന്നും അവര്‍ പറയുന്നു. ഈ തിരിച്ചടിയില്‍ അമേരിക്കയെയും കൂട്ടാനാണ് പരിപാടി.
അഫ്ഗാനിസ്ഥാനില്‍നിന്ന് ഈ വര്‍ഷം ഡിസംബറില്‍ നാറ്റോ സൈന്യം പിന്മാറുന്നതിനുമുമ്പ് ഗോത്രമേഖലയിലെ ഭീകരരെ വകവരുത്തുക എന്നതാണ് സംഘടിത ലക്ഷ്യം. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍നിന്ന് ഭീകരര്‍ പാകിസ്ഥാനിലേക്ക് കടക്കുന്നതിനുള്ള എല്ല മാര്‍ഗങ്ങളും അടയ്ക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഡിസംബറിനുശേഷം ഇതുവരെ അമേരിക്ക ആളില്ലാ വിമാനങ്ങളായ ഡ്രോണുകള്‍ പാകിസ്ഥാനിലെ ഭീകര താവളങ്ങള്‍ക്കുനേരെ പ്രയോഗിച്ചിട്ടില്ല.
കഴിഞ്ഞ നവംബറില്‍ സമാധാന ചര്‍ച്ച നടത്താനൊരുങ്ങുമ്പോഴായിരുന്നു അമേരിക്ക ഡ്രോണ്‍ ഉപയോഗിച്ച് പാക് താലിബാന് നേതാവ് ഹക്കിമുള്ള മസൂദിനെ കൊലപ്പെടുത്തിയത്. പിന്നീട് തുടരെ ആക്രമണങ്ങളായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് പാകിസ്ഥാന് അഴിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: