പള്ളുരുത്തി: ഇടക്കൊച്ചിയില്‍ ചതുപ്പില്‍ വീണ് ചരിഞ്ഞ ആന മരണത്തിന് കീഴടങ്ങിയത് പതിനാല് മണിക്കൂറോളം ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയശേഷം. ചതുപ്പില്‍നിന്ന് കരകയറാനാവാതെ പിടഞ്ഞ അയ്യപ്പനെ പാപ്പാന്മാര് അതിക്രൂരന്മായി മര്‍ദ്ദിക്കുകയായിരുന്നു. തോട്ടികൊണ്ട് ശരീരഭാഗങ്ങള്‍ കുത്തി മുറിവേല്പ്പിച്ചും മറ്റുമായിരുന്നു ഈ ക്രൂരത. പ്രാകൃതമായ രീതിയില്‍ ആനയെ പീഡിപ്പിച്ച് ചെളിയില്‍നിന്ന് കരകയറ്റാനായിരുന്നു ശ്രമം.
ഇതിനിടെ ശരീരം തളര്‍ന്നതോടെ ആന ചതുപ്പില്‍ പുതഞ്ഞുപോകുകയായിരുന്നു. ഈ സമയമത്രയും ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് ആനയെ കരയ്ക്ക് കയറ്റുന്നതിനെക്കുറിച്ച് ആരും ചിന്തിച്ചതേയില്ല. പിന്നീട് ക്രെയിന്‍ എത്തി ആനയെ വലിച്ചുകയറ്റാന്‍ ശ്രമിക്കുമ്പോഴേക്കും ആന മൃതപ്രായനായിരുന്നു. ചെളിയില്‍ മുങ്ങിക്കിടന്ന സമയത്ത് ചെവിയിലൂടെ അകത്തുകടന്ന ചെളി മസ്തിഷ്ക്കത്തിലും ശ്വാസനാളത്തിലും കുടുങ്ങി ശ്വാസം കിട്ടാനാകാതെ ആന വിഷമിക്കുകയായിരുന്നു. കഴുത്തില്‍ വടം മുറുക്കി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ശ്വാസനാളത്തിലേക്കുള്ള പ്രധാന ഞരമ്പ് മുറിയുകയും ചെയ്തു. ഇതാണ് മരണകാരണമായതെന്നാണ് നിഗമനം.
ആന ചതുപ്പില്‍ വീണ കാര്യം അറിഞ്ഞിട്ടും റവന്യൂ, പോലീസ് അധികാരികളാരും സ്ഥലത്തെത്തുകയോ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ജില്ലാ കളക്ടറെ ബന്ധപ്പെട്ടപ്പോള്‍ ആനയെ എഴുന്നള്ളിക്കാന്‍ ദേവസ്വം അനുവാദം വാങ്ങിയിട്ടില്ലെന്നും രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: