കൊച്ചി: കേരളത്തിന്റെ സമഗ്രവികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണെന്ന് കുസാറ്റ് അപ്ലൈഡ് ഇക്കണോമിക്സ് വിഭാഗം പ്രഫ. ഡോ. എസ്. ഹരികുമാര്‍. എന്നാല്‍ ഇന്ന് ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം എറണാകുളം ഘടകം സംഘടിപ്പിച്ച വിവേകാനന്ദ ദര്‍ശനം-കേരള വികസനം എന്ന ചിന്താസായാഹ്നത്തില്‍ കേരള വികസനം വിവേകാനന്ദ ദര്‍ശനത്തിലൂടെ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിശീര്‍ഷ വരുമാനത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് നാം ഇപ്പോള്‍ വികസനത്തെ കാണുന്നത്. സമസ്ത മേഖലകളിലും ഒരുപോലെ വികസനം സൃഷ്ടിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇപ്പോഴതില്ല. ഫ്ലാറ്റുകളുടെയും വിമാനത്താവളങ്ങളുടെയും എണ്ണം നോക്കിയാണ് വികസനത്തെ പലരും വിലയിരുത്തുന്നത്. മൂല്യാധിഷ്ഠിത വികസനം തൊണ്ണൂറുകള്‍ മുതല്‍ കേരളത്തില്‍ തകര്‍ന്നു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം മനുഷ്യനിര്മ്മാണത്തിന് ഉതകണമെന്നും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം മനുഷ്യന്റെ ഭൗതിക ആവശ്യങ്ങള്‍ മാത്രം കണക്കിലെടുത്തുള്ളതാണെന്നും സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസ വീക്ഷണം എന്ന വിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ. ഭാ. സുരേന്ദ്രന് പറഞ്ഞു. യഥാര്‍ഥ വികസനത്തിന് സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉണ്ടാകണം. ഇതിനുള്ള ഉപാധി ഭൗതിക, ആത്മീയ സമന്വയത്തിലൂടെയുള്ള പദ്ധതിയാണെന്നു വിവേകാനന്ദന് ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു.
എറണാകുളം സി. അച്യുതമേനോന് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുസാറ്റ് ഷിപ് ടെക്നോളജി വിഭാഗം പ്രഫ. ഡോ. കെ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. പി. പ്രവീണ്‍, എ. അനൂപ് എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: