തിരുവനന്തപുരം: ടിപി ചന്ദ്രശേഖര്‍ വധ ഗൂഢാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തത് ഉന്നതരായ സിപിഎം നേതാക്കളെ രക്ഷിക്കുന്നതിനായാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. ടിപിയെ വധിച്ചതില്‍ സിപിഎമ്മിനുള്ള പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും ധാരണ പോലീസിനുണ്ട്. സിപിഎമ്മിലെ ഉന്നതര്‍ കുടുങ്ങുമെന്നതിനാലാണ് ഇപ്പോള്‍ സിബിഐ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതെന്നും വി.മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പോലീസ് അന്വേഷണവും പ്രത്യേക പോലീസ് സംഘവുമെല്ലാം തട്ടിപ്പാണെന്ന് മുരളീധരന് അഭിപ്രായപ്പെട്ടു. കേസില്‍ സിപിഎമ്മിന്റെ പങ്ക് അവര്‍ തന്നെ ശരിവച്ചിരിക്കുകയാണ്. കോടതി ശിക്ഷിച്ച് ജയിലിലടയ്ക്കപ്പെട്ട കൊലയാളികളെ മര്‍ദ്ദിച്ചെന്നാരോപിച്ച് പോളിറ്റ് ബ്യൂറോ അംഗം ഉള്‍പ്പടെയാണ് ജയിലിലെത്തിയത്. മുമ്പ് ഇവര്‍ വാടക കൊലയാളികളാണെന്നാണ് സിപിഎം പറഞ്ഞത്. കുറ്റകൃത്യത്തില്‍ പങ്കാളികളായവര്‍ക്ക് പുറമേ മൂന്നുപേരാണ് ആസൂത്രണത്തില്‍ പങ്കുചേര്‍ന്നതെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ ഏരിയ തലത്തിലുള്ള നേതാക്കളാണ്. വടകരയിലെയും കണ്ണൂരിലെയും കോഴിക്കോട്ടെയുമൊക്കെ സിപിഎം നേതാക്കള്‍ ഒന്നിച്ചു വന്ന് ഒരു കുറ്റത്തില്‍ പങ്കാളികളാകണമെങ്കില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തില്‍ ഉന്നത നേതൃത്വം അറിയാതെ സംഭവിക്കില്ല.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് സിബിഐ അന്വേഷണം ആകാമെന്ന നിയമോപദേശമാണ് നല്‍കിയിരുന്നത് എന്ന വാര്‍ത്തകളാണ് പുറത്തു വന്നത്. സിബിഐ അന്വേഷണത്തിന് തടസ്സമില്ലെന്നാണ് സര്‍ക്കാരും ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാറ്റിപ്പറയാനുള്ള സാഹചര്യം എന്താണെന്ന് ആഭ്യന്തരവകുപ്പു മന്ത്രി വ്യക്തമാക്കണം. സിപിഎം-കോണ്‍ഗ്രസ് രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം അട്ടിമറിച്ചിരിക്കുന്നത്. അതല്ലെങ്കില്‍ സിബിഐയെ ഏല്പിക്കാന് കാലതാമസം വേണമെന്ന രഹസ്യധാരണയുടെ കാരണമെന്താണെന്ന് വ്യക്തമാക്കാന്‍ തയ്യാറാകണം.
ഗൂഢാലോചനയില്‍ പങ്കെടുത്തത് ഉന്നതരായ സിപിഎം നേതാക്കളാണെന്ന് കെ.കെ.രമ നല്കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സിബിഐ അന്വേഷണം ആരംഭിച്ചാല്‍ അവര്‍ കുടുങ്ങുമെന്നും ഉറപ്പാണ്. പുതിയ കേസായതുകൊണ്ട് പോലീസ് അന്വേഷണം വേണമെന്ന വാദവും നിലനില്‍ക്കുന്നതല്ല. കേസ് നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. ഉന്നത നേതാക്കളിലേക്ക് ഗൂഢാലോചനയുടെ അന്വേഷണം എത്തുമെന്നു വന്നപ്പോള്‍ അന്വേഷണം നിര്‍ത്താന്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശമുണ്ടായി. സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു അത്. 72 പേരെയാണ് ആദ്യം പ്രതികളാക്കിയത്. അതിനപ്പുറത്തേക്ക് അന്വേഷണം വേണ്ടെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടായി. സോളാര്‍ കേസ്, ലാവ്ലിന് കേസ്, ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ്, ടിപി വധക്കേസ് എന്നിവയിലെല്ലാം ചേര്‍ത്ത് സര്‍ക്കാരും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് ടിപി കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെഅന്വേഷണവും ഒത്തു തീര്‍പ്പ് ധാരണയുടെ അടിസ്ഥാനത്തിലാകുമെന്ന് വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: