തിരുവനന്തപുരം: ജനമൈത്രി പോലീസ് നിലവില്‍ വന്നിട്ടും പോലീസിന് ജനങ്ങളോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് ഹര്‍ജികള്‍ സംബന്ധിച്ച നിയമസഭാസമിതി. ബ്ലേഡ് മാഫിയ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
പരാതികളുമായി സ്റ്റേഷനിലെത്തുന്നവരെ അസഭ്യം പറഞ്ഞ് മാനസികമായി തകര്‍ക്കുന്ന സമീപനമാണുള്ളത്. ഇത് മാറ്റാന്‍ പോലീസുകാര്‍ക്കിടയില്‍ ബോധവത്കരണം നടത്തണം. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ വിരമിക്കുന്നതിന് മുമ്പ് തന്നെ അന്വേഷണം പൂര്‍ത്തീകരിച്ച് നടപടിയെടുക്കണം.
പാട്ടകൃഷി നടത്തുന്നവര്‍ക്ക് കാര്‍ഷിക വിള ഈടായി പരിഗണിച്ച് വായ്പ നല്‍കണം. കായലുകളുടെയും നീര്‍ത്തടങ്ങളുടെയും കൈയേറ്റം, നീരൊഴുക്കുള്ള തോടുകള്‍ മണ്ണിട്ട് നികത്തല്‍ എന്നിവ സംബന്ധിച്ച പരാതികളില്‍ അടിയന്തിര നടപടി വേണം. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് നിയതമായ വില നിശ്ചയിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണം. മദ്യനിരോധന നിയമത്തിലെ പഴുതുകള്‍ ദുരുപയോഗം ചെയ്ത് സമൂഹത്തിലെ പ്രശസ്തരെ ഉപയോഗിച്ച് മറ്റു ഉത്പന്നങ്ങളുടെ പേരില്‍ മദ്യത്തിന് പരസ്യം നല്‍കുന്നത് തടയണം. ഇതിനായി നിയമഭേദഗതി കൊണ്ടുവരണം.
അന്യസംസ്ഥാനതൊഴിലാളികള്‍ ലോട്ടറി സമ്മാനത്തിന് അര്‍ഹരായാല്‍ സമ്മാനത്തുക ലഭിക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കണം. ലോട്ടറി ഏജന്റുമാര്‍ക്ക് ആവശ്യത്തിന് ടിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന പരാതി ഒഴിവാക്കാന്‍ പുതിയ അച്ചടി സംവിധാനം സജ്ജമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
ടെലിവിഷന്‍ ചാനലുകള്‍ കുട്ടികളെ വഴിതെറ്റിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതി ശുപാര്‍ശ ചെയ്തു. കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിന് ഹാനികരമാകുന്ന പ്രസിദ്ധീകരണങ്ങള്‍ തടയണം. ഇതിന് ആവശ്യമെങ്കില്‍ നിയമഭേദഗതി വരുത്തണം. വിദ്യാലയങ്ങളില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ സ്കൂളുകളില്‍ പരിശോധന നടത്തണം. ലൈംഗിക വിദ്യാഭ്യാസം കൗമരക്കാരുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ചൂഷണത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് വൈദ്യസഹായവും നിയമസഹായവും നല്കാന് നിയമോപദേശകരും സാമൂഹ്യപ്രവര്ത്തകരുമടങ്ങിയ ചെയില്‍ഡ് ലീഗല്‍ എയ്ഡ് ആന്റ് ഗൈഡ്ലൈന്‍ കമ്മറ്റി രൂപവത്കരിക്കണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും ലൈംഗിക ചൂഷണവും സംബന്ധിച്ച കേസുകളില്‍ വേഗത്തില്‍ ശിക്ഷനടപ്പാക്കാന്‍ ജില്ലാകോടതികളോടനുബന്ധിച്ച് അതിവേഗകോടതികള്‍ സ്ഥാപിക്കുന്നു. അതിക്രമങ്ങള്‍ തടയുന്നതിന് കേരളാചില്ഡ്രന്സ് ആക്ട് കാലാനുസൃതമായി പരിഷ്കരിക്കണം.
ലേബര്‍ ഓഫീസ് ഉള്‍പ്പെടുന്ന ബാലവേല നിരീക്ഷണ സമിതി രൂപവത്കരിക്കണം. ബാലഭിക്ഷാടനത്തില്‍ നിന്ന് മോചിപിക്കപ്പെടുന്ന കുട്ടികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക ഫണ്ട് വേണം. എല്ലാസ്കൂളുകളിലും ശുദ്ധജലവും ലഭ്യമാക്കാന്‍ സ്പെഷ്യല്‍ പാക്കേജിന് രൂപം നല്‍കണം.
വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരില്‍ നിന്നുണ്ടാകുന്ന പീഡനം യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ ബോധവത്കരണം നടത്തണം. ശാരീരിക മാനസിക വൈകല്ല്യമുള്ള കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം. രണ്ടാനമ്മയുടെയും പിതാവിന്റെയും പീഡനത്തിന് ഇരയായ ഇടുക്കിയിലെ ഷഫീഖിന്റെ സംരക്ഷണത്തിന് വ്യക്തമായ രൂപരേഖയുണ്ടാക്കണമെന്നും ദത്തെടുക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണം.
രക്ഷിതാക്കളുടെ സൗകര്യം പരിഗണിച്ച് സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങളോട് അനുബന്ധിച്ച് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും സമിതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: