ന്യൂദല്‍ഹി: കോപ്റ്റര്‍ ഇടപാടിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട രേഖകളില്‍ സോണിയയുടെ പേരില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. അഗസ്ത വെസ്റ്റ്ലാന്റ് വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിയില്‍ സോണിയക്കെതിരെ ആരോപണം ഉന്നയിച്ച് ബിജെപി രാജ്യസഭയില്‍ നിന്നും കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയിരുന്നു.
രേഖകളില്‍ പറയുന്ന എഫ്എഎം എന്ന വാക്ക് സോണിയയുമായി ബന്ധപ്പെട്ടതാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ വാക്ക് മുന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് മേധാവി എസ്.പി ത്യാഗിയുടെ കുടുംബാംഗങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നാണ് ആന്റണി പറയുന്നത്. രാജ്യസഭയില്‍ പ്രതിരോധമന്ത്രി സ്വയം പ്രസ്താവന നടത്തുകയായിരുന്നു.
ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ഇറ്റാലിയന്‍ കോടതിയില്‍ നിലവില്‍ വിചാരണ നടക്കുകയാണ്. കോടതിയില്‍ സമര്‍പ്പിച്ച, ആരുടെയും ഒപ്പില്ലാത്ത, കൈകൊണ്ട് എഴുതിയ പേപ്പറിലെ തലക്കെട്ടുകള്‍ എഎഫ്, ബിയുആര്‍, പിഒഎല്‍, എഫ്എഎം തുടങ്ങിയവയാണ്. ഇടനിലക്കാരനായ ഗുയിഡോ ഹസ്ക്കി രഹസ്യവാചകത്തിന്റെ ഉള്ളടക്കം കോടതിയോട് വ്യക്തമാക്കുകയും ചെയ്തു.
ഇറ്റാലിയന്‍ പബ്ലിക് പ്രോസിക്യൂഷന് ഇടനിലക്കാരനെ വിസ്തരിച്ചപ്പോള്‍ കുറിച്ചിട്ട വാക്കുകളെപ്പറ്റി ചോദിച്ചു. അതില്‍ എഫ്എഎം എന്ന വാക്കിന്റെ ഉള്ളടക്കം കുടുംബം എന്നര്‍ത്ഥം വരുന്ന ഫാമിലി എന്നതാണെന്ന് ഗുയിഡോ വ്യക്തമാക്കിയതായി ആന്റണി വിശദീകരിച്ചു. ആരുടേയും ഒപ്പില്ലാത്ത രേഖയില്‍ എഫ്എഎം എന്ന് സൂചിപ്പിക്കുന്നത് ത്യാഗിയുടെ കുടുംബാംഗങ്ങളെയാണെന്നും മറിച്ച് കോണ്‍ഗ്രസ് നേതാക്കളെയല്ലെന്നും ആന്റണി തുടര്‍ന്നു. ഇതില്‍ മന്മോഹന് സിംഗിന്റെയും സോണിയാഗാന്ധിയുടെയും പേര് എടുത്ത് പറയാതെയായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ആരുടേയും ഒപ്പില്ലാത്ത കടലാസിന്റെ വിശ്വസനീയത ചോദ്യം ചെയ്യപ്പെടാമെന്നും അതുകൊണ്ട് തന്നെ ഈ വാദത്തില്‍ കഴമ്പില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. വിവിഐപികള്‍ക്ക് സഞ്ചരിക്കുവാനായി 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വിവാദമായതിനെ തുടര്‍ന്ന് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: