ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു. രാജ്യസഭ ഉച്ചയോടെ നടപടികള്‍ നിര്‍ത്തിവച്ച് പിരിയുകയും ചെയ്തു. തെലുങ്കാന വിഷയത്തെ ചൊല്ലിയാണ് ലോക്സഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്. സമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ അഭിപ്രായമാണ് രാജ്യസഭയില്‍ ബഹളത്തിനിടയാക്കിയത്.
തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ സീമാന്ധ്ര, തെലങ്കാന മേഖലകളില്‍ നിന്നുള്ളവര്‍ പ്രക്ഷോഭവുമായി രാജ്യ തലസ്ഥാനത്തെത്തിയിട്ടുണ്ട്. രാജ്ഘട്ടില്‍ മൗനപ്രാര്‍ത്ഥന നടത്തിയ ശേഷം ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ജന്തര്‍മന്ദറില്‍ മൗനവ്രതം അനുഷ്ഠിച്ചു. ആന്ധ്രാ വിഭജനത്തെ എതിര്‍ക്കുന്ന സീമാന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പം സത്യഗ്രഹമിരുന്നു.അതേസമയം ജാതിസംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പാക്കുന്ന കാര്യം കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ പരാമര്‍ശമാണ് രാജ്യസഭയെ പ്രക്ഷുബ്ധമാക്കിയത്.
ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. നിലവിലുള്ള സംവരണവ്യവസ്ഥ തുടരുമെന്നും അത് മാറ്റാന്‍ ആലോചിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ജാതിസംവരണം അവസാനിപ്പിക്കാന്‍ കാലമായെന്നാണ് ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞത്. സ്ഥാപിത താല്പര്യങ്ങളാണ് സംവരണം തുടരാന്‍ കാരണം. അര്‍ഹതയുള്ളവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നില്ല. മേല്‍ത്തട്ടുകാരാണ് ആനുകൂല്യം കൈയടക്കുന്നതെന്നും ജനാര്‍ദ്ദന്‍ ദ്വിവേദി പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: