കൊച്ചി പാലാരിവട്ടത്ത് മാധ്യമപ്രവര്‍ത്തകരെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചു. ഓട്ടോസമരത്തിനിടെ സമരാനുകൂലികള്‍ ഓട്ടോറിക്ഷകള്‍ തടയുന്നത് ചിത്രീകരിച്ചതിനാണ് മര്‍ദനം. സമരം നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് എതിരായി വാര്‍ത്തകള്‍ നല്‍കിയെന്നും ഇവര്‍ ആരോപിച്ചു.
ഇന്ത്യാവിഷന് ക്യാമറാമാന് അനില്‍ നീലേശ്വരം ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഞ്ജുരാജ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. പണിമുടക്കിയ ഡ്രൈവര്‍മാര്‍ പണിമുടക്കാത്ത ഓട്ടോകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം.
സമരാനുകൂലികള്‍ ഓട്ടോയില്‍ നിന്ന് യാത്രക്കാരെ ഇറക്കി തടയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. പാലാരിവട്ടം പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
മീറ്ററിന്റെ പേരില്‍ തൊഴിലാളികളെ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് കൊച്ചിയില്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല ഓട്ടോപണിമുടക്ക് തുടങ്ങിയത്. ഓട്ടോറിക്ഷ ചാര്‍ജ്, റിട്ടേണ്‍ ചാര്‍ജ് എന്നിവ സംബന്ധിച്ച് വിദഗ്ധ സമിതിയെ കൊണ്ട് പഠനം നടത്തണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: