തിരുവനന്തപുരം: എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിക്ക് ആശംസയര്‍പ്പിക്കാന്‍ നന്ദാവനത്തെ വീട്ടിലേക്ക് രാവിലെമുതല്‍ പ്രമുഖരുടെ ഒഴുക്ക്. എല്ലാപേര്‍ക്കും പിറന്നാള്‍ പായസം നല്കി കവയിത്രി സന്തോഷം പങ്കുവച്ചു.
മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ രാവിലെ തന്നെ വീട്ടിലെത്തി ആശംസയര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് വീട്ടിലെത്തി സുഗത ടീച്ചര്‍ക്ക് പൂച്ചെണ്ടു നല്കി പൊന്നാടയണിയിച്ചു. സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരീ സദസ്യന്‍ ആര്.സഞ്ജയന് വീട്ടിലെത്തി പിറന്നാള്‍ ആശംസനേര്‍ന്നു. സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പുസ്തകങ്ങള്‍ സമ്മാനിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച കാട്ടുകിളികളുടെ പാട്ട്, ഗാന്ധി സാഹിത്യ സംഗ്രഹം എന്നീ പുസ്തകങ്ങളാണ് രാവിലെ കവയിത്രിയുടെ വസതിയിലെത്തി മന്ത്രി സമ്മാനിച്ചത്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്.തമ്പാനും മന്ത്രിയോടൊപ്പം പിറന്നാള്‍ ആശംസിക്കാന്‍ എത്തിയിരുന്നു. ബോധേശ്വരന്‍ രചിച്ച കേരള ഗാനത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കുന്നകാര്യം കവയിത്രി മന്ത്രിയെ ഓര്‍മ്മിപ്പിച്ചു. എം.ജയചന്ദ്രന് ഗാനത്തിന് ഈണം പകര്‍ന്നിട്ടുണ്ട്. നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തില്‍ ഔദ്യോഗിക ചടങ്ങില്‍ ഗാനം ആലപിച്ചകാര്യം അറിയിച്ച മന്ത്രി ഗാനത്തിന് അംഗീകാരം നല്കാന് നടപടികളെടുക്കുമെന്ന് ഉറപ്പുനല്‍കി. ഭാഷാനിയമത്തിന് തമിഴ്നാടിന്റെ മാതൃകയില്‍ കരട് തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്കിയ കാര്യവും മന്ത്രി അറിയിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ പായസം കഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.
മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരും ആശംസകളുമായി എത്തിയിരുന്നു. പുതുശ്ശേരി രാമചന്ദ്രന്, സി.പി.നായര്‍, ഹരിത എം.എല്‍.എമാരായ ടി.എന്‍.പ്രതാപന്, ഹൈബി ഈഡന്, ശ്രേയംസ് കുമാര്‍ തുടങ്ങിയവരും സുഗതകുമാരിയുടെ വീട്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: