വാഷിങ്ങ്ടണ്‍: ഇന്ത്യയിലും അമേരിക്കയിലും സാമ്പത്തിക അസമത്വം അപകടകരമായി വര്‍ദ്ധിക്കുകയാണെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡ്. ലണ്ടനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ക്രിസ്റ്റീന്‍.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 12 ഇരട്ടിയായി വര്‍ധിച്ചെന്നും ഇവരുടെ ആസ്തി ഉപയോഗിച്ച് രാജ്യത്ത് രണ്ട് തവണ ദാരിദ്ര്യം തുടച്ചുനീക്കാമെന്നും അവര്‍ പറഞ്ഞു. ലോക ജനസംഖ്യയുടെ 70 ശതമാനവും താമസിക്കുന്നത് സാമ്പത്തിക അസമത്വം കൂടിയ രാജ്യങ്ങളിലാണെന്നും ലോകത്തെ 85 അതിസമ്പന്നരുടെ ആസ്തി ലോക ജനസംഖ്യയുടെ പകുതിപ്പേരുടേതിനേക്കാള് കൂടുതലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു.എസില്‍ ഒരു ശതമാനം പേര് മൊത്തം സമ്പത്തിന്റെ 95 ശതമാനം കയ്യടക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 90-ശതമാനം ജനങ്ങളും സാമ്പത്തികമായി പിന്നോട്ടാണെന്നും സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഈ അസമത്വം കാണാതെ പോകുകയാണെന്നും ക്രസ്റ്റീന്‍ കുറ്റപ്പെടുത്തി. അടുത്ത മൂന്നു പതിറ്റാണ്ടിനിടെ ലോക ജനസംഖ്യ 200 കോടി കൂടി വര്‍ധിക്കുമെന്നും 85 വയസ്സിനു മുകളിലുള്ളവരായിരിക്കും കുട്ടികളെക്കാള്‍ കൂടുതലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: