തിരുവനന്തപുരം: അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും താമസിക്കുന്ന കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുള്‍പ്പെടെ കഴിഞ്ഞ പത്തു കൊല്ലത്തിനിടയില്‍ 66 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരത്താണ്; ഒന്‍പത്. മലപ്പുറത്താണ് കുറവ്; ഒന്ന്.
അനാഥാലയ നടത്തിപ്പിലെ തട്ടിപ്പുകളെ കുറിച്ച് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശി ഉത്തരവിട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ മനുഷ്യാവകാശ കമ്മീഷന് വിവരങ്ങള്‍ കൈമാറിയത്.
ഇവയില്‍ ബഹുഭൂരിപക്ഷം കേസുകളിലും കുട്ടികളെ കണ്ടെത്താനോ പ്രതികളെ പിടികൂടാനോ പോലീസിന് കഴിഞ്ഞിട്ടില്ല. കാണാതായ കുട്ടികളുടെ വിലാസം പോലും അനാഥാലയങ്ങളുടെ കൈവശമില്ലെന്ന് ജസ്റ്റിസ് ജെ. ബി. കോശി നടപടിക്രമത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ 87 എണ്ണത്തിന് സര്‍ക്കാര്‍ അംഗീകാരമില്ലെന്ന് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് കമ്മീഷനെ അറിയിച്ചു. മൊത്തം 1107 അനാഥാലയങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. അനാഥാലയങ്ങളിലെ അന്തേവാസികളുടെ കണക്ക് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡില്‍ ലഭ്യമല്ല.
കേരള സ്റ്റേറ്റ് (ഓര്‍ഫനേജ് ആന്റ് ചാരിറ്റബിള്‍ ഹോംസ്) ബോര്‍ഡ് ഓഫ് കണ്ട്രോള് റൂള്‍സ് അനുസരിച്ച് എല്ലാ അനാഥാലയങ്ങളിലും പ്രവേശന രജിസ്റ്ററും ഹാജര്‍ രജിസ്റ്ററും സൂക്ഷിച്ചിരിക്കണമെന്ന് നിയമമുണ്ടെന്ന് ജസ്റ്റിസ് ജെ. ബി. കോശി നടപടിക്രമത്തില്‍ പറഞ്ഞു. ശരിയായ രജിസ്റ്റര്‍ സൂക്ഷിച്ചിരുന്നെങ്കില്‍ അന്തേവാസികളുടെ കണക്കുകള്‍ ലഭ്യമാകുമായിരുന്നതായി ജസ്റ്റിസ് കോശി പറഞ്ഞു. വ്യക്തമായ കണക്കുണ്ടെങ്കില് കള്ളരേഖയുണ്ടാക്കി കൂടുതല്‍ സംഭാവന പിരിക്കാന്‍ സാധിക്കുകയില്ലെന്നും കമ്മീഷന് ചൂണ്ടികാണിച്ചു.
മൂന്നു മാസത്തിനകം അനാഥാലയങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ജെ. ബി. കോശി നടപടിക്രമത്തില്‍ പറഞ്ഞു. കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് ഡി. ഐ. ജി. എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: