ന്യൂദല്‍ഹി: പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള പാര്‍ലമെന്റിന്റെ അവസാന സമ്മേളനം നാളെ ആരംഭിക്കും. ശീതകാല സമ്മേളനത്തിന്റെ രണ്ടാംഘട്ടമായി ചേരുന്ന സമ്മേളനകാലത്ത് ബജറ്റിനു പകരം വോട്ട് ഓണ്‍ അക്കൗണ്ടും 39 ബില്ലുകളും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും. രാഹുല്‍ഗാന്ധിയുടെ അജണ്ടകള്‍ നടപ്പാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന സമ്മേളനക്രമങ്ങള്ക്കെതിരെ ഇന്നലെ സ്പീക്കര്‍ വിളിച്ചു കൂട്ടിയ സര്‍വ്വകക്ഷി യോഗത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ശക്തമായി രംഗത്തെത്തിയതോടെ സമ്മേളനകാലം പ്രതിപക്ഷ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.
ഫെബ്രുവരി അഞ്ചു മുതല്‍ 21വരെ പന്ത്രണ്ട് ദിവസമാണ് സമ്മേളനം. ഇതിനിടയില്‍ തെലങ്കാന ഉള്‍പ്പെടെയുള്ള ബില്ലുകളാണ് പരിഗണനയ്ക്ക് വെച്ചിരിക്കുന്നത്. തെലങ്കാന ബില്ല് സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നതിനാല്‍ വോട്ടോണ്‍ അക്കൗണ്ട് സമ്മേളനം ആരംഭിക്കുമ്പോള്‍ത്തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. വോട്ട് ഓണ്‍ അക്കൗണ്ടാണെങ്കിലും തെരഞ്ഞെടുപ്പ് വരുന്നതു പ്രമാണിച്ച് നിരവധി ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നുറപ്പായിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ ഉണ്ടാകുന്നതോടെ 15-ാം ലോക്സഭയുടെ അവസാന സമ്മേളനം ബഹളമയമായി സമാപിക്കാനാണ് സാധ്യത.
സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലുകളെയൊന്നും തന്നെ എതിര്‍ക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സഭ നടത്താന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാകുമോയെന്ന ഉറപ്പ് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കണമെന്ന് തെലങ്കാന വിഷയം പരാമര്‍ശിച്ച് സുഷമാ സ്വരാജ് സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ കേവലം 12 ദിനങ്ങള്‍ മാത്രമുള്ള ഹ്രസ്വകാല സമ്മേളനത്തിനിടെ ദീര്‍ഘമായ ചര്‍ച്ച ആവശ്യമുള്ള രാഹുല്‍ഗാന്ധിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളായ ആറ് അഴിമതി വിരുദ്ധ ബില്ലുകളും വനിതാ സംവരണ ബില്ലുമെല്ലാം കോണ്‍ഗ്രസ് കൊണ്ടുവരുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. വോട്ട് ഓണ്‍ അക്കൗണ്ട് ഒഴികെ മറ്റൊന്നും പാസാക്കാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കേണ്ടെന്ന് മുലായം സിങ് യാദവും ഇടതു പാര്‍ട്ടികളും സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമാക്കി.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: