മട്ടാഞ്ചേരി: രണ്ട് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി അത്യാസന്ന നിലയിലായി. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളാണ് തിങ്കളാഴ്ച വൈകിട്ട് 3.30ന് സ്കൂള്‍ പഠനവേളയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയത്. നട്ടെല്ലിനും കാലിനും മാരകമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥിനികളെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകരും രക്ഷിതാക്കളും സംസാരിച്ചുനില്ക്കേയാണ് വിദ്യാര്‍ത്ഥിനികള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയത്. സംഭവം മറ്റ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്റില്‍ കഴിഞ്ഞദിവസം നടന്ന വാര്‍ഷികാഘോഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികളും യൂണിഫോം അണിയാതെയാണ് ക്ലാസിലെത്തിയത്. പള്ളുരുത്തി ചിറയ്ക്കല്‍-മുണ്ടംവേലി സ്വദേശികളായ 13 വയസുകാരികളോട് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ ക്ലാസിലെത്തി അധ്യാപികയുമായി സംസാരിച്ചുനില്‍ക്കവെയാണ് വിദ്യാര്‍ത്ഥിനികള്‍ താഴേക്കു ചാടിയത്. അദ്ധ്യാപിക മോശമായി സംസാരിച്ചതാണു ഇതിനു പ്രേരണയായതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മുണ്ടംവേലി സ്വദേശി വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴാണ് പള്ളുരുത്തി സ്വദേശിനിയുടെ ബന്ധു സ്കൂളിലെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നടന്ന വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാശ്രമം ഏറെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: