വാഷിങ്ങ്ടണ്‍: അമേരിക്കയുടെ ചാരവൃത്തി സംബന്ധിച്ച് മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വേഡ് സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ തുടരുന്നു. 2009ലെ കോപ്പന്‍ഹേഗന്‍ ഉച്ചകോടി മുന്നോടിയായി വിവിധ രാജ്യങ്ങള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളും യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയെന്നാണ് സ്നോഡന് നല്കുന്ന പുതിയ വിവരം. കഴിഞ്ഞദിവസം രണ്ടു പാശ്ചാത്യ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തു.
കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടക്യോട്ടോ ഉടമ്പടി സംബന്ധിച്ച നിര്‍ണായക തീരുമാനം എടുക്കുകയെന്നതായിരുന്നു കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഉച്ചകോടിയില്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നതിനായാണ് എന്‍എസ്എ മറ്റു രാജ്യങ്ങള്‍ തമ്മില്‍ പങ്കുവച്ച വിവരങ്ങള്‍ ശേഖരിച്ചത്.
മാധ്യമങ്ങള്‍ക്ക് നല്കിയിട്ടില്ലാത്ത രേഖകള്‍ തിരിച്ചുനല്‍കണമെന്ന് പുതുതായി ചുമതലയേറ്റ എന്‍എസ്എ തലവന്‍ ജെയിംസ് ക്ലാപ്പര്‍ കഴിഞ്ഞദിവസം സ്നോഡനോട് ആവശ്യപ്പെട്ടിരുന്നു. അത് അവഗണിച്ച സ്നോഡന് രേഖകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു. അതിനിടെ, വിമാന യാത്രക്കാരുടെ രഹസ്യങ്ങള്‍ കാനഡയും ശേഖരിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നു. കനേഡിയന്‍ സൈബര്‍ ചാരസംഘടനയായ ദി കമ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (സിഎസ്ഇസി) രാജ്യത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി സ്നോഡന് വെളിപ്പെടുത്തി. വൈഫൈ സംവിധാനം ഉപയോഗപ്പെടുത്തിയാണിത്.
2012ല്‍ രണ്ടാഴ്ചയോളം ഈ രീതിയില്‍ വ്യക്തിരഹസ്യങ്ങള്‍ ചോര്‍ത്തിയതായി സ്നോഡന് പുറത്തുവിട്ട രേഖകള്‍ തെളിയിക്കുന്നു. സൈബര്‍ ചാരവൃത്തി ലക്ഷ്യമിട്ട്എന്എസ്എയ്ക്കൊപ്പം ചേര്‍ന്ന് തയാറാക്കിയ സോഫ്റ്റ്വെയര് പരീക്ഷണാടിസ്ഥാനത്തില്‍ കാനഡ ഉപയോഗിക്കുകയായിരുന്നത്രെ. ഇപ്പോള്‍ ഈ സോഫ്റ്റ്വെയര് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: