കാസര്‍കോട്: കാസര്‍കോട് കേരള കേന്ദ്രസര്‍വ്വകലാശാലയിലെ അഴിമതി നിയമനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ഏറ്റവുമൊടുവില്‍ ഡ്രൈവര്‍, ലൈബ്രറി അസിസ്റ്റന്റ് തസ്തികയിലേക്ക് നടന്ന നിയമനങ്ങളും സര്‍വ്വകലാശാലയിലെ ഉന്നതരും രാഷ്ട്രീയ നേതൃത്വവും വീതിച്ചെടുക്കുകയായിരുന്നുവെന്ന് വ്യക്തമായി.
ജനുവരി 29,30,31 തീയ്യതികളിലാണ് ഈ തസ്തികകളിലേക്ക് പ്രായോഗിക പരീക്ഷയും ഇന്റര്‍വ്യുവും നടന്നത്. നിയമനങ്ങളില്‍ ധാരണയായതിനുശേഷമാണ് നടപടി ക്രമങ്ങള്‍ ആരംഭിച്ചതെന്ന് ജനുവരി 29ന് ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ഡ്രൈവര്‍ തസ്തികകളില്‍ വിസിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നയാള്‍, മാത്തമാറ്റിക്സ് ആന്റ് ഫിസിക്കല്‍ സയന്‍സ് ഡീന്‍ ജേക്കബ് ചാക്കോയുടെ താത്കാലിക ഡ്രൈവര്‍, കേരള കോണ്‍ഗ്രസ്സുകാരനായ പത്തനംതിട്ട സ്വദേശി എന്നിവര്‍ക്ക് നിയമനം ഉറപ്പിച്ചതായും ലൈബ്രറി അസിസ്റ്റന്റ് നിയമനം കോഴിക്കോട്ടുകാരനായ മുസ്ലിംലീഗ് പ്രവര്ത്തകന് നല്കാന് ധാരണയായതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ജന്മഭൂമിയുടെ ആരോപണം ശരിവെയ്ക്കുകയാണ്. വൈസ് ചാന്‍സലര്‍ ജാന്‍സി ജെയിംസിന്റെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോട്ടയം വൈക്കം സ്വദേശി അഭിലാഷാണ് റാങ്ക് ലിസ്റ്റില്‍ ഒന്നാമത്. ഡീന്‍ ജേക്കബ് ചാക്കോയുടെ താത്കാലിക ഡ്രൈവറും സിപിഎം അനുഭാവിയുമായ കാസര്‍കോട് ചെറുവത്തൂരിലെ മുരളീധരന് രണ്ടാമതുമെത്തി. എന്നാല്‍ ഡ്രൈവര്‍ തസ്തികയിലെ മൂന്നാമത്തെ ഒഴിവില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനു പകരം ഡിസിസി പ്രസിഡണ്ടിന്റെ ശുപാര്ശയിലെത്തിയ ആളെയാണ് നിയമിച്ചത്. അവസാന നിമിഷം കോണ്‍ഗ്രസ് നടത്തിയ സമ്മര്‍ദ്ദ നീക്കമാണിതിന് പിന്നിലെന്ന് കരുതുന്നു. ലൈബ്രറി അസിസ്റ്റന്റ് തസ്തികയില്‍ മുസ്ലിംലീഗിന്റെ കോഴിക്കോട് സ്വദേശി അബ്ദുള്‍ ജസീമിനാണ് നിയമനം. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കുന്നതിനുപുറമെ ലക്ഷങ്ങള്‍ കോഴവാങ്ങി രാഷ്ട്രീയ നിയമനങ്ങളും നടത്തുകയാണ് സര്‍വ്വകലാശാല അധികൃതര്‍. ഡ്രൈവര്‍ നിയമനത്തിന് ഇത്തവണ എഴുത്തുപരീക്ഷ ഒഴിവാക്കിയിരുന്നു. പ്രായോഗിക പരീക്ഷയില്‍ ‘എച്ച്’ എടുക്കണമെന്ന നിബന്ധനയും ഒഴിവാക്കി. ഇത്തവണ നിയമനം ലഭിച്ചവരില്‍ ഒരാള്‍ കഴിഞ്ഞ വര്‍ഷം ഇതില്‍ പരാജയപ്പെട്ടതാണ് കാരണം.
വിസിമാരുടെ കാലാവധി അവസാനിക്കാനിരിക്കെ തിരക്കിട്ട് നിയമനങ്ങള്‍ നടത്തുന്നത് ക്രമക്കേടിന് വഴിവെക്കുമെന്നതിനാല്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം (എംഎച്ച്ആര്‍ഡി) മുഴുവന്‍ കേന്ദ്രസര്വ്വകലാശാലകളിലേയും നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് രാഷ്ട്രീയ ബന്ധമുപയോഗിച്ച് അട്ടിമറിക്കുകയായിരുന്നു കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാല അധികൃതര്‍. നിയമന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എംഎച്ച്ആര്‍ഡിയില്‍ നിന്നും ജനുവരി 13ന് പ്രത്യേക ഉത്തരവ് സമ്പാദിച്ചാണ് ഇപ്പോഴത്തെ അഴിമതി നിയമനങ്ങള്‍ അരങ്ങേറുന്നത്.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: