കൊച്ചി: നിയമപരമായ അവകാശവും അധികാരവും നിലനില്‍ക്കെ തൃക്കുന്നത്തു പള്ളിയിലും, പരിസരത്തും പ്രവേശിച്ച ശ്രേഷ്ഠ ബാവയെയും, മെത്രാപ്പൊലീത്തമാരെയും അധിക്ഷേപിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസുദ്യോഗസ്ഥന്മാര്ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.വി.സാബു ആവശ്യപ്പെട്ടു. തൃക്കുന്നത്തു സെമിനാരിയും അതിനോടനുബന്ധിച്ച പള്ളിയും സ്ഥാപനങ്ങളും അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് വിട്ടുകൊടുക്കുക എന്നുള്ളത് മാനുഷിക ധര്‍മ്മമാണ്. ഇരുവിഭാഗങ്ങളുടെയും വോട്ടുകള്‍ മാത്രം ലക്ഷ്യമാക്കിയാണ് ഇടത്-വലത് ഭരണ മുന്നണികള്‍ കാര്യങ്ങളെ സമീപിക്കുന്നത്. സഭാമേലധ്യക്ഷന്മാരെ ക്രിമിനലുകളായി കണക്കാക്കി പോലീസ് ലോക്കപ്പില്‍ സൂക്ഷിക്കുന്നത് ഭരണവര്‍ഗ വെല്ലുവിളിയായിട്ടാണ് ന്യൂനപക്ഷമോര്‍ച്ച കാണുന്നത്. 9ന് ബിജെപി മഹാറാലിയോടനുബന്ധിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി കേരളത്തില്‍ വരുമ്പോള്‍ വിവിധ ക്രിസ്തീയ സഭാ മേലധ്യക്ഷന്മാര് അദ്ദേഹത്തെ കാണുന്നതിനുള്ള സംവിധാനങ്ങള്‍ ബിജെപി നേതൃത്വം ചെയ്യുന്നുണ്ട്. അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ട യാക്കോബായ മെത്രാപ്പൊലീത്തമാരെയും ശ്രേഷ്ഠ ബാവായെയും ബിജെപി ദേശീയ സമിതി അംഗം നെടുമ്പാശ്ശേരി രവി, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.വി.സാബു, ജില്ലാ സെക്രട്ടറി എം.എ.ബ്രഹ്മരാജ്, ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: