ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര് കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി ഇന്ത്യന്‍ വംശജനായ സത്യ നദെല്ല ചുമതലയേറ്റേക്കും. സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ സത്യനദെല്ലയും മുന്‍ നിരയിലുണ്ടെന്ന് ബ്ലൂംബര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫോര്‍ഡ് സിഇഒ അലന് മുലാലിയും സത്യക്കൊപ്പം സിഇഒ സ്ഥാനത്തേക്ക് മുന്‍ നിരയിലുണ്ടായിരുന്നെങ്കിലും സത്യനദെല്ലക്കാണ് മുന്‍തൂക്കം. മൈക്രോസോഫ്റ്റ് ചീഫായിരുന്ന സ്റ്റീവ് ബാള്‍മര്‍ അടുത്തിടെ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ പട്ടിക തയ്യാറാക്കിയത്.
ഹൈദരാബാദ് സ്വദേശിയായ സത്യ പഠിച്ചതും വളര്‍ന്നതുമൊക്കെ ഇന്ത്യയിലാണ്. ഉപരിപഠനത്തിനുശേഷം സണ്‍ മൈക്രോസോഫ്റ്റിലാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. 1992-ല്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നതോടെ അദ്ദേഹം കോര്‍പ്പറേറ്റ് നേതാവായി വളര്‍ന്നു. കമ്പനിയിലെ സെര്‍ച്ച് എന്ജിന് സംഘത്തെ നയിക്കുന്ന നേതാവായും പിന്നീട് സത്യ നദെല്ല മാറി.
ബില്‍ഗേറ്റ്സിനും, സ്റ്റീവ് ബാള്മെറിനും ശേഷം മൈക്രോസോഫ്റ്റിന്റെ മൂന്നാമത്തെ സിഇഒ ആയാണ് സത്യ നദെല്ല ചുമതലയേല്‍ക്കുക. നിലവില്‍ മൈക്രോസോഫ്റ്റ് ക്ലൗഡിന്റെയും എന്റര്‍പ്രൈസ് ഗ്രൂപ്പിന്റെയും വൈസ് പ്രസിഡന്റാണ് അദ്ദേഹം.
മാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രിയും സ്വന്തമാക്കി. അതിനുശേഷം ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎയും കരസ്ഥമാക്കി.
മൈക്രോസോഫ്റ്റ് നിയോഗിച്ച നാലംഗ കമ്മറ്റിയാണ് പുതിയ സിഇഒയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: