കോട്ടയം: നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാര്‍ക്ക് ശാസ്ത്രത്തെ പരിചയപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനു പൊതുവിലും ശാസ്ത്രീയ അറിവുകള്‍ പകര്‍ന്നു നല്കുന്നതിനുമുള്ള സംവിധാനമാണ് കേരള സയന്‍സ് സിറ്റിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് സ്കൂള്‍ അങ്കണത്തില്‍ കേരള സയന്‍സ് സിറ്റിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ നാലാമത്തേയും സയന്‍സ് സിറ്റിയാണിത്.
പുതിയ കാലഘട്ടത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അറിവാണ്. ഇന്നത്തെ തലമുറയു ടെ സ്വപ്നങ്ങളും പ്രതീക്ഷകളും തിരിച്ചറിഞ്ഞ് അവ യാഥാര്‍ത്ഥ്യമാക്കുന്നതിന് അവരെ സഹായിക്കാന്‍ നമുക്ക് കഴിയണം. മനുഷ്യവിഭവശേഷി നാടിന്റെ സമഗ്രവികസനത്തിന് പ്രയോജനപ്പെടുത്താന്‍ ശാസ്ത്രസാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കപ്പെടണം. അതിവേഗ വികസനവും നവീകരണവുമാണ് പുതിയ കേരളം ആഗ്രഹിക്കുന്നത്. സമൂഹത്തിന്റെ എല്ലാ തുറകളിലും നേതൃത്വം നല്കുന്നവര് അതിന് മുന്‍കൈ എടുക്കണമെന്നുംഅദ്ദേഹം പറഞ്ഞു.
കേരളത്തില്‍നിന്ന് സിലിക്കണ്‍വാലി സന്ദര്‍ശനത്തിനായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥി സംരംഭകരെയും കണ്ണൂരില്‍ നടന്ന സംസ്ഥാന ഗണിതശാസ്ത്ര പ്രവൃത്തിപരിചയ, ഐ.ടി പരിചയമേളയില്‍ വെബ്സൈറ്റ് ഡിസൈനിംഗില്‍ ഒന്നാം സ്ഥാനം നേടിയ മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലിജോ പോളിനെയും കേന്ദ്രമന്ത്രി അനുമോദിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എം. മാണി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പദ്ധതി അവതരിപ്പിച്ചു. വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. മുഖ്യാതിഥിയായ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കെഎസ്എസ്റ്റിഎം ഡയറക്ടര്‍ അരുള്‍ ജെറാള്‍ഡ് പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസ് കെ. മാണി എം.പി. സ്വാഗതവും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: