കോഴിക്കോട്: അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നടത്തുന്ന അന്വേഷണത്തിനെതിരെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡും ഒരു വിഭാഗം ഓര്‍ഫനേജുകളും. കമ്മീഷന് നിയോഗിച്ച മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് നടത്തുന്ന വിവര ശേഖരണത്തിനെതിരെ ഓര്‍ഫനേജുകള്‍ രംഗത്തുവന്നതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
ഓര്‍ഫനേജ് അസോസിയേഷനാണ് പ്രസ്താവനയിലൂടെ കമ്മീഷന് തീരുമാനത്തെ ആദ്യം എതിര്‍ത്തത്. അസോസിയേഷാണ് പത്ര പ്രസ്താവനയിലൂടെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചത്. വില്ലേജ് ഓഫീസര്‍ക്കുപോലും ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ അധികാരമില്ലാതിരിക്കേ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി അനധികൃതമായി വിവരശേഖരണം നടത്തുന്നത് അപകടകരമായതുകൊണ്ട് ഒരു സ്ഥാപനവും അത് അനുവദിക്കരുതെന്നായിരുന്നു പത്രക്കുറിപ്പിലൂടെ ഇവര്‍ അറിയിച്ചത്.
ഇതിനെ അനുകൂലിച്ചുകൊണ്ട് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ചെയര്മാന് പി.സി. ഇബ്രാഹിം മാസ്റ്ററും രംഗത്തുവന്നതോടെ ഇത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡും തമ്മിലുള്ള തര്‍ക്കമായി തീര്‍ന്നിരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് ഡിഐജി എസ്. ശ്രീജിത്ത് നടത്തുന്ന വിവരശേഖരണം നല്ല കീഴ്വഴക്കമല്ലെന്നും വില്ലേജ് ഓഫീസര്‍മാരെ വെച്ച് അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ചെയര്മാന് ഓര്‍ഫനേജ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാറിന് ഇത്തരമൊരു നിലപാടില്ലെന്നും ഇബ്രാഹിം മാസ്റ്റര്‍ വ്യക്തമാക്കി.
എന്നാല്‍ വിവര ശേഖരണം നിയമവിധേയമാണെന്നും മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദ്ദേശപ്രകാരമാണിതെന്നും ഡിഐജി എസ്. ശ്രീജിത്ത് ജന്മഭൂമിയോട് പറഞ്ഞു. റെയ്ഡ് നടത്താന്‍ മാത്രമേ ഗസറ്റഡ് ഓഫീസര്‍മാരുടെ സാന്നിദ്ധ്യം ആവശ്യമുള്ളു. എന്നാല്‍ വിവരശേഖരണത്തിന് ചട്ടം തടസ്സമാകില്ലെന്നും വില്ലേജ് ഓഫീസര്‍മാര്‍ നടത്തുന്ന വിവരശേഖരണം നിയമാനുസൃതമാണെന്നും അദ്ദേഹം അറിയിച്ചു. ഈ വിവരശേഖരണത്തെ ഒരു വിഭാഗം ഓര്‍ഫനേജുകള്‍ എതിര്‍ത്തതോടെ മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ജെ.ബി. കോശി 2014 ജനുവരി 21ന് വീണ്ടും ഉത്തരവിടുകയും ചെയ്തു. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് തെളിവുകള്‍ എടുക്കുന്നത് കമ്മീഷന്റെ നിയോഗപ്രകാരമാണെന്നും വിവരങ്ങള്‍ നല്കാന് ഓര്‍ഫനേജുകള്‍ ബാധ്യസ്ഥമാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ശുഷ്കാന്തിയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കമ്മീഷന് ഇത്തരം കേസുകള്‍ അന്വേഷിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നില്ലെന്ന് കമ്മീഷന് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിനെ കുറ്റപ്പെടുത്തുന്നു. ഓര്‍ഫനേജുകളിലെ ഹതഭാഗ്യരായ വ്യക്തികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് തന്നെ ശേഖരിച്ചു നല്‍കേണ്ടതായിരുന്നുവെന്ന് കമ്മീഷന് വ്യക്തമാക്കുന്നു. അതിന് പകരം വിവരങ്ങള്‍ നല്കാന് തയ്യാറായ സ്ഥാപനങ്ങളെ പോലും നിരുത്സാഹപ്പെടുത്തുന്ന പ്രവൃത്തികള്‍ ഖേദകരമാണെന്നും ക്രമക്കേട് കാണിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ നല്‍കുന്നതിന് പേടിക്കേണ്ട കാര്യമില്ലെന്നും കമ്മീഷന് വ്യക്തമാക്കുന്നു. എല്ലാ രജിസ്ട്രേഡ് അനാഥാലയങ്ങളില്‍ നിന്നും വിവരങ്ങള്‍ മൂന്നു മാസത്തിനകം നല്‍കണമെന്നാണ് കമ്മീഷന് ഉത്തരവിട്ടിരിക്കുന്നത്. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓര്‍ഫനേജുകള്‍ കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സന്ദര്‍ശിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
സംസ്ഥാനത്തെ 2128 ഓര്‍ഫനേജുകളില്‍ 66 സ്ഥാപനങ്ങള്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം കേന്ദ്രങ്ങളില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് പരിശോധന നടത്തുമെന്നും കമ്മീഷന് വ്യക്തമാക്കുന്നു. കോഴിക്കോട് സിയസ്കോ യത്തീംഖാനയില്‍ അറബി കല്യാണം നടന്നതുമായി ബന്ധപ്പെട്ട് ഡിഐജി എസ്. ശ്രീജിത്ത് പരിശോധന നടത്തിയതിനെതിരെയും ചിലര്‍ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: