കൊച്ചി: സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാന്‍ കാപ്പ നിയമം ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഞ്ചു ജില്ലകളില്‍ വനിതാ പോലീസ് നിയന്ത്രിത സ്റ്റേഷനുകള്‍ ഉടന്‍ നിലവില്‍ വരും. പോലീസുകാര്‍ക്കായി ജില്ലകള്‍തോറും ന്യായവില ഷോപ്പുകള്‍ തുറക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മുളവ്കാട് നിര്‍മിക്കുന്ന പോലീസ് സ്റ്റേഷന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കാപ്പ ശക്തമാക്കുന്നതിന്റെ ഭാഗമായി കഠിനതടവ് ആറു മാസമെന്നത് ഒരു വര്‍ഷമാക്കി ഉയര്‍ത്തും. ഗുണ്ടാ മാഫിയ സംഘങ്ങളെ പൂര്‍ണമായി അമര്‍ച്ച ചെയ്യുന്നതിനൊപ്പം പൊലീസിനെ ജനസൗഹൃദ സംവിധാനമാക്കും. ഏകപക്ഷീയമായ പ്രവര്‍ത്തനം പോലീസില്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസിനെതിരായ പരാതികള്‍ ഗൗരവത്തോടെ പരിശോധിക്കും. അതോടൊപ്പം പോലീസിന്റെ പ്രശ്നംകൂടി സമൂഹം കേള്‍ക്കണം. കൊല്ലം, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് പൂര്‍ണമായും വനിതാ നിയന്ത്രണത്തിലുളള പോലീസ് സ്റ്റേഷനുകള്‍ തുടങ്ങുക. സംസ്ഥാനത്തെ ഫയര്‍ഫോഴ്സ് സംവിധാനം ശക്തമാക്കുമെന്നും മുളവുകാട് ഫയര്‍ഫോഴ്സ് സ്റ്റേഷന് അനുവദിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
എസ്.ശര്‍മ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹൈബി ഈഡന് എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിളളി, എഡിജിപി ഹേമചന്ദ്രന്, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ദിനകരന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക്, ജില്ലാ പഞ്ചായത്തംഗം എം.ജെ. ടോമി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: