കൊച്ചി: കൃത്യമായ അപസ്മാര രോഗനിര്‍ണ്ണയത്തിന് വഴിത്തിരിവായ സ്റ്റെറോ ഇഇജി എന്ന സാങ്കേതികവിദ്യ എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിജയകരമായി നടത്തി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സാങ്കേതിക വിദ്യ നടപ്പാക്കുന്നത്. സാധാരണയായി തലയോട്ടി തുറന്ന് ഇലക്ട്രോഡുകള്‍ നിക്ഷേപിച്ച് അപസ്മാര രോഗത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്തുന്ന സാങ്കേതികവിദ്യ പ്രചാരമുള്ളതാണ.് എന്നാല്‍ തലയോട്ടി തുറക്കുന്നതിനു പകരം താക്കോല്‍ ദ്വാരങ്ങളിലൂടെ തലച്ചോറിനുള്ളിലേക്ക് ഇലക്ട്രോഡുകള്‍ നിക്ഷേപിച്ച് കൃത്യമായി അപസ്മാരത്തിന്റെ ഉറവിടം കണ്ടെത്തുകയും അത് നീക്കുകയും ചെയ്തു.
വര്‍ഷങ്ങളായി അപസ്മാരബാധിതനായിരുന്ന 14 കാരനായ റാഷിക് എന്ന വിദ്യാര്‍ത്ഥിയിലാണ് ഈ നൂതന മാര്‍ഗ്ഗം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്. കാലിഫോര്‍ണിയയിലെ ന്യൂറോസര്ജന് ഡോ. വെങ്കട് സദാനന്ദ്, ന്യൂറോ സര്ജന് ഡോ. അശോക് പിള്ള, ന്യൂറോളജിസ്റ്റ് ഡോ. സിബി ഗോപിനാഥ് എന്നിവരാണ് നൂതനമായ ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
മരുന്നുകള്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയാത്ത അപസ്മാരമാണ് ശസ്ത്രക്രിയ ഉപയോഗിച്ച് സുഖപ്പെടുത്തിയത്. അമൃത ടെലിമെഡിസിന്‍ പദ്ധതിയിലൂടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള അപസ്മാര രോഗികള്‍ക്ക് അമൃത എപിലെപ്സി സെന്ററിന്റെ സേവനം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: